Monday, April 21, 2025

യമുന നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു: വെള്ളപ്പൊക്ക ഭീതിയില്‍ തലസ്ഥാനം

തലസ്ഥാന നഗരിയില്‍ വെള്ളപ്പൊക്ക ഭീതി ഉയര്‍ത്തി യമുന നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് 206.42 മീറ്റർ ഉയരത്തിലേക്ക് എത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി മുതലാണ് യമുനയിലെ ജലനിരപ്പിൽ വ്യത്യാസം വന്നു തുടങ്ങിയത്. ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് 2 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നായിരുന്നു ജലനിരപ്പ് ഉയരാന്‍ കാരണം. ഞായറാഴ്ച രാവിലെ ഒമ്പതോടെ 205.96 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നിരുന്നു. രാത്രിയോടെ 206.42 മീറ്ററിലെത്തിയാതായി സെൻട്രൽ വാട്ടർ കമ്മീഷൻ (CWC) കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, തലസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തെയും പുനരധിവാസ പ്രവർത്തനങ്ങളെയും യമുന ബാധിക്കാൻ സാധ്യതയുണ്ട്. ഒരാഴ്ചയായി യമുന നദി കരകവിഞ്ഞൊഴുകുന്നതിനാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ജലനിരപ്പ് ഉയരുന്നതിനാല്‍ പഴയ യമുന ബ്രിഡ്ജിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നോർത്തേൺ റെയിൽവേ നിര്‍ത്തലാക്കി. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകൾ ന്യൂഡൽഹി വഴി തിരിച്ചുവിടാനും നിര്‍ദേശമുണ്ട്

Latest News