കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ 140.50 അടിയിലേക്ക് ജലനിരപ്പ് ഉയർന്നിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്.
ജലനിരപ്പ് 140 ലേക്ക് കഴിഞ്ഞ ദിവസം എത്തയതിനെതുടർന്ന് ഒന്നാമത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 141 ലേക്ക് ജലനിരപ്പ് ഉയർന്നാൽ രണ്ടാമത്തെതും 142 അടിയിലേക്ക് എത്തിയാൽ മൂന്നാമത്തെ മുന്നറിയപ്പും നൽകി സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു വിടാനാണ് തീരുമാനം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 1167 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അധികം ജലം കൊണ്ടുപോകൻ തമിഴ്നാട് തയ്യാറായിട്ടില്ല.