Monday, November 25, 2024

വാട്ടർ മെട്രോ: ഒരുക്കങ്ങൾ പൂർത്തിയായതായി കെ. എം. ആർ. എൽ

കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയായ വാട്ടർ മെട്രോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ. എം. ആർ. എൽ) അറിയിച്ചു. വൈപിൻ, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈറ്റില, കാക്കനാട് തുടങ്ങിയ ടെർമിനലുകളുടെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. ഇതിൽ വൈപിൻ-ഹൈക്കോർട്ട് ടെർമിനലുകൾ കൊച്ചി ബിനാലെയുടെ ഭാഗമായി തുറന്നു കൊടുത്തു.

വാട്ടർ മെട്രോയുടെ അഞ്ച് ടെർമിനലുകളും ആറ് ബോട്ടുകളുമാണ് നിലവിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 78 ബോട്ടുകളും 38 ടെർമിനലുകളുമാണ് വേണ്ടത്. എന്നാൽ നിർമ്മാണം പൂർത്തിയായത് വച്ച് ഉദ്ഘാടനം നടത്താനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി കെ. എം. ആർ. എൽ – എംഡി ലോക്നാഥ് ബഹ്റ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
“സാങ്കേതികമായ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. നിലവിൽ വാട്ടർ മെട്രോ ഉദ്ഘാടനത്തിന് സജ്ജമാണ്. കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരു സമയം ലഭിച്ചുകഴിഞ്ഞാൽ പത്ത് ദിവസത്തെ തയ്യാറെടുപ്പുകൾ മാത്രമാണ് ഉദ്ഘാടനത്തിന് ആവശ്യമായി വരുക” ലോക്നാഥ് ബഹ്റ പറഞ്ഞു.

വൈപിൻ ഹൈക്കോർട്ട് സർവീസാണ് ആദ്യം ആരംഭിക്കുക. വൈകാതെ കാക്കനാട് സർവീസും ആരംഭിക്കാനാണ് കെഎംആർഎല്ലിൻറെ തീരുമാനം. അതിനിടെയാണ് ഹൈക്കോർട്ട് വൈപിൻ ടെർമിനലുകൾ കൊച്ചി ബിനാലെയുടെ ഭാഗമായി തുറന്നത്. ബിനാലെയുടെ ഭാഗമായി ഒരുമാസം ടെർമിനലുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിന്റെ ചുറ്റുമായി കിടക്കുന്ന 10 ദ്വീപുകളെ കോർത്തിണക്കി ആധുനിക ജലഗതാഗതവും ദ്വീപുകളുടെ വികസനവും ലക്ഷ്യമിട്ടാണ് വാട്ടർ മെട്രോ പദ്ധതി. അത്യാധുനിക ബോട്ടുകളുമായി 76 കിലോമീറ്റർ ദൂരമാണ് വാട്ടർ മെട്രോ സർവീസ്. കൊച്ചി നഗരത്തോടു ചേർന്നു കിടക്കുമ്പോഴും ഏറെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ദ്വീപു ജനതയുടെ ജീവിത നിലവാരം ഉയർത്താൻ ഈ പദ്ധതി വരുന്നതുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ.

Latest News