സുനാമിയില്‍ തകര്‍ന്ന, ജപ്പാനിലെ ഫുക്കുഷിമാ ആണവ നിലയത്തില്‍ സംഭരിച്ചിരുന്ന ജലം കടലിലൊഴുക്കാന്‍ തീരുമാനമായി. യുഎന്‍ ആണവസമിതിയുടെ അനുമതിയെ തുടര്‍ന്നാണ് നീക്കം. 10 ലക്ഷം ടൺ സംസ്കരിച്ച ജലമാണ് ഇത്തരത്തില്‍ കടലിലൊഴുക്കുക.
ആണവനിലയത്തില്‍ സംഭരിച്ചുവച്ചിരിക്കുന്ന ജലം കടലിലേക്കൊഴുക്കാന്‍ വേണ്ട നടപടികള്‍ ജപ്പാന് തുടര്‍ച്ചയായി നടത്തിവരികയാണ്. എന്നാല്‍ അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുടെ (ഐ.എ.ഇ.എ) അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഐ.എ.ഇ.എയുടെ വിശദമായ പഠനത്തില്‍, കടലിൽ ആണവ വികിരണസാധ്യത തീരെ ദുർബലമാണെന്നും പരിസ്ഥിതിക്ക് ആഘാതം വരില്ലെന്നും വ്യക്തമാക്കിയതോടെയാണ് ജലം കടലിലേക്കൊഴുക്കാന്‍ നടപടികള്‍ ആരംഭിച്ചത്. ചെറിയ നടപടിക്രമങ്ങൾകൂടി പൂർത്തിയാക്കിയാൽ നിലയം നടത്തിപ്പുകാര്‍ക്ക് ജലം കടലിലേക്കൊഴുക്കാന്‍ സാധിക്കും.
ടോക്കിയോ ഇലക്ട്രിക് പവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫുക്കുഷിമായിലെ കൂറ്റൻ ടാങ്കിൽ 13 ലക്ഷം ടൺ ജലമാണ് സംഭരിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഐസോടോപ്പ് ആയ ട്രിറ്റിയം ഒഴികെ അപകടകരമായ എല്ലാ വസ്തുക്കളും ഇതിൽ നിന്നും വേർതിരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.