Tuesday, November 26, 2024

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

വയനാട് ജില്ലയിലെ മുപ്പയ്‌നാട് പഞ്ചായത്തില്‍ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകള്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.നിയമനിര്‍മ്മാണം അടക്കമുള്ള, കാര്യങ്ങള്‍ പരിശോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കി. കേരളത്തിന്റെ ചില പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലകളാണ്.

ഇവിടെ സുസ്ഥിര വികസനമടക്കം സാധ്യമാണോ എന്ന കാര്യത്തില്‍ പുനിര്‍വിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ഇനിയും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമനിര്‍മ്മാണ സഭയും, എക്‌സിക്യൂട്ടിവും, ജൂഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. നാളെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

 

 

Latest News