Friday, January 24, 2025

വയനാട് പുനരധിവാസം: കെ. സി. ബി. സി. ഭവന നിർമാണ ഉദ്ഘാടനം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും 2024 ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും കിടപ്പാടവും പുരയിടവും വസ്തുവകകളും നാമാവശേഷമാവുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് കേരള കത്തോലിക്കാ സഭ നിർമിച്ചുനൽകുന്ന 100 ഭവനങ്ങളുടെ നിർമാണോദ്ഘാടനം 2024 ഡിസംബർ 19 ന് വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിക്ക് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും വൈകിട്ട് ആറുമണിക്ക് ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ അധ്യക്ഷതയിൽ ബത്തേരിയിൽ വച്ചും ഡിസംബർ 20 ന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് താമരശ്ശേരി രൂപതയിലെ വിലങ്ങാട് വച്ച് കോഴിക്കോട് രൂപതാധ്യക്ഷനും കെ. ആർ. എൽ. സി. ബി. സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിലും കെ. സി. ബി. സി. പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവഹിക്കും.

കെ. സി. ബി. സി. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണവും താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തും. കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങളിൽ മഹാമനസ്കതയോടെ നാളിതുവരെ സഹകരിച്ച എല്ലാവർക്കും നന്ദിയർപ്പിക്കുന്നു.

പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 900 കുടുംബങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കി ഉപജീവനപദ്ധതികളും 925 കുടുംബങ്ങൾക്ക് 9500/- രൂപ വീതം ധനസഹായം നൽകുകയും ചെയ്തു. സർവതും നഷ്ടപ്പെട്ടവർക്കായി കേരളജനത ഒന്നിച്ചുചേർന്ന് പ്രതീക്ഷയോടെ നടത്തുന്ന തുടർനിർമാണ, പുനരധിവാസ പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഫാ. ജേക്കബ് മാവുങ്കൽ, സെക്രട്ടറി, ജെ. പി. ഡി. കമ്മീഷൻ, കെ. സി. ബി. സി.

Latest News