Sunday, November 24, 2024

സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യമാണ്. നോ പറയാന്‍ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമര്‍ശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ രംഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഗീതു മോഹന്‍ദാസ് മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറിച്ചിരുന്നു.

എംഎല്‍എയായ മുകേഷ്, എഎംഎംഎ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന രഞ്ജിത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ?ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ പ്രസ്തുത സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞിരുന്നു. എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോ?ഗിക്കപ്പെടേണ്ടിയിരുന്ന ബാബു രാജിനെതിരെയും ലൈം?ഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. ജയസൂര്യ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, തുടങ്ങിയവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് അറിയിക്കുമെന്ന് ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ ഘടക യൂണിയനുകള്‍ റിപ്പോര്‍ട്ട് വിശകലനം ചെയ്യും. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും ഫെഫ്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാകും റിപ്പോര്‍ട്ട് വിശകലനം ചെയ്യുക. ഇത് സംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ഘടക യൂണിയനുകള്‍ക്ക് കത്തയച്ചു. ലൈംഗികാതിക്രമത്തെ കുറിച്ചും ചൂഷണത്തെക്കുറിച്ചും വനിതാ സഹപ്രവര്‍ത്തകര്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ ഞെട്ടിക്കുന്നതാണെന്നും ഫെഫ്ക കൂട്ടിച്ചേര്‍ത്തു. വിശകലന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ഫെഫ്ക യോഗം ചേരും.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.

 

Latest News