“അൽപ്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ മകനെ ആ നായ്ക്കൾ തിന്നു തീർക്കുമായിരുന്നു” വേദനയോടെ സൗത്ത് ആഫ്രിക്കയിൽ നിന്നും ഒരു അമ്മ പറയുമ്പോൾ അവരുടെ കൈകളിൽ അമേരിക്കൻ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഭയാനകമായ നിലവിളി കേട്ടാണ് ദക്ഷിണാഫ്രിക്കയിലെ ഫോമോലോങ് ടൗൺഷിപ്പിലെ നിവാസികൾ ഉണർന്നത്. രണ്ട് അമേരിക്കൻ പിറ്റ് ബുൾ നായകൾ ചേർന്ന് മൂന്നു വയസുകാരനായ കെകെസ്റ്റോയെ കടിച്ചു കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടായിരുന്നു.
സാധാരണയായി കൂട്ടിൽ ഇട്ടിരുന്ന നായ്ക്കൾ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ നേരെ തിരിയുകയായിരുന്നു. നായയുടെ ആക്രമണത്തിൽ കെകെസ്റ്റോയുടെ മുഖത്തിന്റെ ഒരു വശം പൂർണ്ണമായും നഷ്ടപ്പെട്ടു. തലച്ചോർ പുറത്തുകാണുന്ന അവസ്ഥയിൽ എത്തി. നാട്ടുകാരായ ആളുകൾ ബഹളം വച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹത്തിൽ നിന്ന് നായ്ക്കൾ പിടിവിട്ടത്.
“ആ കാഴ്ച സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഞങ്ങൾക്ക് ഇനി പിറ്റ് ബുൾ നായ്ക്കളെ ആവശ്യമില്ല.” വേദനയോടെ മരിച്ച മൂന്നുവയസുകാരന്റെ അമ്മ എമിലി മൊയ്രനെ പറയുന്നു. ഈ വാക്കുകൾക്കിടയിലും പൊട്ടിക്കരഞ്ഞ അവർ ഫോണിൽ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന മകന്റെ ചിത്രം നെഞ്ചോട് ചേർത്തു. നായ കുഞ്ഞിന് നേരെ നടത്തിയ ആക്രമണത്തിന്റെ ക്രൂരദൃശ്യങ്ങളും മകനെ നഷ്ടപ്പെട്ടതിന്റെ വേദനയും ഈ കുടുംബത്തെ തകർത്തുകളഞ്ഞു.
വർദ്ധിച്ചു വരുന്ന പിറ്റ് ബുൾ ആക്രമണം
സൗത്ത് ആഫ്രിക്കയിൽ നാളുകളായി പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളോടുള്ള ആളുകളുടെ ഇഷ്ടം കൂടി വരുകയായിരുന്നു. വലിയ തുകമുടക്കി ഈ നായ്ക്കളെ വാങ്ങി വളർത്തുന്നവർ ഏറെയാണ്. എന്നാൽ അതിനൊപ്പം തന്നെ ശൗര്യക്കാരായ ഈ നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു എന്നതാണ് സത്യം.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആനിമൽസ് 24-7 എന്ന ഗ്രൂപ്പിന്റെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 18 വർഷത്തിനിടെ 37 ൽ അധികം ആളുകൾ ആണ് ഈ ഇനം നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ എട്ടുപേർ കുട്ടികളാണ്. ഈ എട്ടുപേരിൽ അഞ്ചു കുട്ടികൾ കൊല്ലപ്പെട്ടത് 2022 ലും.
കെകെസ്റ്റോയുടെ മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം, കിഴക്കൻ കേപ് പ്രവിശ്യയിൽ 15 മാസം പ്രായമുള്ള പിഞ്ചുകുട്ടി ഒരു പിറ്റ്ബുൾ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു. എട്ട് വയസ്സുള്ള ഒലെബോഗെങ് മോസിമിൻ എന്ന മറ്റൊരു ആൺകുട്ടിയെ കെകെസ്റ്റോയുടെ മരണത്തിന് ഒരാഴ്ച മുമ്പ് ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. കൂടാതെ മൂന്നു വയസുകാരൻ മരിച്ച അതെ ദിവസം തന്നെ മറ്റൊരു പെൺകുട്ടിക്ക് നേരെയും നായകൾ ആക്രമണം നടത്തി. ഗുരുതരമായ പരിക്കുകളോടെ ഈ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പിറ്റ് ബുള്ളിന്റെ ആക്രമത്തിൽ വർഷത്തിൽ ഒരാൾ എന്ന നിലയിൽ ആളുകൾ കൊല്ലപ്പെടുന്നു ഇന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങൾ എന്ന പേരിൽ നായ്ക്കളെ വീടുകളിൽ പാർപ്പിക്കുന്നത് നിരോധിക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൂടാതെ പിറ്റ് ബുൾ ഇനത്തിൽ പ്പെട്ട നായ്ക്കളുടെ ഉടമകൾക്ക് നേരെയും വൻ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. പലരും ഈ നായ്ക്കളെ മൃഗസംരക്ഷണ സംഘടനകൾക്ക് കൈമാറുകയാണ്.
“നായ്ക്കൾ കുട്ടികളെ ഭക്ഷിക്കുന്ന നാട്ടിൽ നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ? അതിനാൽ ഞങ്ങൾ അവനെ കൊടുക്കുകയാണ്.” പിറ്റ് ബുൾ നായയുടെ ഉടമയായ ഒരു സൗത്ത് ആഫ്രിക്കക്കാരൻ വെളിപ്പെടുത്തുന്നു.