Monday, November 25, 2024

‘മണിപ്പുര്‍ സര്‍ക്കാരിനെ വിശ്വാസമില്ല’; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

മണിപ്പുര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി സുപ്രീംകോടതി. മണിപ്പുരിലെ സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, ജെല്‍ ഭുയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

കുക്കി വിഭാഗത്തില്‍പ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ചതിലാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. മണിപ്പുര്‍ സര്‍ക്കാരിന്റെ ഈ നടപടി ഞെട്ടിച്ചെന്നും കോടതി വ്യക്തമാക്കി.

തടവുകാരന്‍ കുക്കി വിഭാഗത്തില്‍പ്പെട്ടയാളാണ് എന്ന കാരണത്താലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നും കോടതി നിരീക്ഷിച്ചു. കടുത്ത നടുവേദനയെത്തുടര്‍ന്ന് ജയില്‍ അധികൃതരോട് ഇയാള്‍ പരാതിപ്പെട്ടിട്ടും ചികിത്സ നല്കാന്‍ ജയില്‍ അധികൃതര്‍ തയാറായില്ലെന്നും കോടതി കണ്ടെത്തി.

കഴിഞ്ഞ നവംബര്‍ 22ന് ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ ഇദ്ദേഹത്തിന് എക്‌സ്‌റേ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ജയിലില്‍ ഇത് ലഭ്യമല്ലാതിരുന്നതിനാല്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു തയാറാകാതിരുന്ന ജയില്‍ അധികൃതരുടെ സമീപനം ഗൗരവതരമായാണ് കോടതി കാണുന്നതെന്ന് വ്യക്തമാക്കി.

തടവുകാരനെ ഗോഹട്ടി മെഡിക്കല്‍ കോളജിലേക്കു മാറ്റാനും ആവശ്യമായ ചികിത്സ നല്‍കാനും കോടതി ഇന്നലെ ഉത്തരവിട്ടു. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്യാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.

കൃത്യമായ ചികിത്സ നല്‍കിയ ശേഷം ഇതു സംബന്ധിച്ച വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് 15നോ അതിന് മുന്‌പോ സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

 

Latest News