പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹിക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞത്.
ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ നിന്ന് തങ്ങള്‍ പാഠം പഠിച്ചു എന്നും ഷെഹ്ബാസ് ഷെരീഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സമാധാനത്തോടെ ജീവിക്കാന്‍ പാക് ജനത ആഗ്രഹിക്കുന്നു. കശ്മീര്‍ പോലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഗൗരവവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടി വരും’.
‘ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തി, അവ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയത്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’. പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ കശ്മീരില്‍ നടക്കുന്നത് അവസാനിപ്പിക്കണം. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ആണവശക്തികളാണ്. ഇനി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പോലും ആരാണ് ജീവിച്ചിരിക്കുക?’.