യുക്രേനിയന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ അവശേഷിക്കുന്ന അവസാനത്തെ സ്‌പെഷ്യലിസ്റ്റ് വാര്‍ഡാണ് പോക്രോവ്‌സ്‌ക് പെരിനാറ്റല്‍ സെന്റര്‍. യുദ്ധമുന്‍നിരയില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയാണ് ഈ കേന്ദ്രം.
ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍, പോക്രോവ്‌സ്‌കില്‍ മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അകാല ജനനങ്ങളില്‍ മുമ്പത്തേതിനേക്കാള്‍ 16.5% വര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിച്ചത്. യുക്രെയിനിലുടനീളം അകാല ജനനത്തില്‍ 9% ശരാശരി വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
പോക്രോവ്‌സ്‌ക് പെരിനാറ്റല്‍ സെന്റര്‍ 2015 ല്‍ സ്ഥാപിതമായതാണ്. ഇത് പ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള രോഗികള്‍ക്ക് കൂടുതല്‍ പ്രയോജനമായത്. അതായത് അര ദശലക്ഷത്തിലധികം ആളുകള്‍ ഇവിടുത്തെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്ന ഏക ജനന കേന്ദ്രവും ഇതു മാത്രമാണ്. മറ്റ് കേന്ദ്രങ്ങള്‍ മരിയുപോളിലായിരുന്നു. അവയെല്ലാം പൂര്‍ണ്ണമായും നശിച്ചു.
ഇപ്പോള്‍ യുദ്ധ കാലത്ത്, ഷെല്ലാക്രമണത്തിനിടെ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ തങ്ങള്‍ക്ക് എവിടെ പ്രസവിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച് ആശങ്കയിലാണ്.
എല്ലാ ദിവസവും യുദ്ധം നടക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് ഗര്‍ഭിണികളും അവരുടെ കുഞ്ഞുങ്ങളും അവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരും നേരിടുന്നതെന്ന് കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ യുക്രേനിയന്‍ നിയന്ത്രണത്തിലുള്ള അവസാനത്തെ സ്‌പെഷ്യലിസ്റ്റ് മെറ്റേണിറ്റി കേന്ദ്രത്തിന്റെ മേധാവി ഡോ ഇവാന്‍ സിഗാനോക്ക് പറഞ്ഞു.
യുദ്ധത്തിന്റെ പിരിമുറുക്കം കാരണം അകാല ജനനങ്ങള്‍ വര്‍ദ്ധിക്കുമോ എന്നതാണ് ഭയം. നിരന്തരം നടക്കുന്ന ഷൂട്ടിംഗ് ഗര്‍ഭിണികളായ സ്ത്രീകളെ ശാരീരികമായും മാനസികമായും പ്രതികൂലമായി ബാധിക്കുന്നു.
28 ആഴ്ച നേരത്തെയാണ് കാതറിനായ്ക്ക് കുഞ്ഞ് ജനിച്ചത്. ‘ഞങ്ങള്‍ക്ക് സമാധാനം വേണം. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ കുട്ടികള്‍ കാണേണ്ടതില്ല. ഞങ്ങള്‍ക്ക് സമാധാനം വേണം’. അവര്‍ കണ്ണീരോടെ പറയുന്നു.
സിവിലിയന്‍മാരെ ലക്ഷ്യം വച്ചുള്ള ആക്രമണം റഷ്യ ഇപ്പോഴും നിഷേധിക്കുകയാണ്. എന്നാല്‍ പല യുക്രേനിയന്‍ നഗരങ്ങളും അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഏറ്റവും ഭയാനകമായ കാര്യം അനിശ്ചിതത്വമാണ്. അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. ‘എല്ലാം ശരിയാകും. ഞങ്ങള്‍ നല്ലത് പ്രതീക്ഷിക്കുന്നു’. മറ്റേണിറ്റി വാര്‍ഡിലെ അമ്മമാര്‍ പറയുന്നു.