ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
പാകിസ്താനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാകിസ്താനുമായുള്ള ബന്ധത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ചര്‍ച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്. നല്ല അയല്‍ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ ചര്‍ച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി സമാധാനപരമായി മുന്നോട്ട് പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തേ പറഞ്ഞിരുന്നു.