കലാപബാധിത മണിപ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വീണ്ടും ആയുധശേഖരം പിടിച്ചെടുത്തു. സുരക്ഷ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തവയിലുണ്ട്.
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എട്ട് തോക്കുകളും 112 വെടിയുണ്ടകളും ആറ് സ്ഫോടക വസ്തുക്കളുമടങ്ങുന്ന അയുധങ്ങളാണ് വ്യാഴാഴ്ച സൈന്യം പിടിച്ചെടുത്തത്. കൂടാതെ തെങ്നൗപാല്‍ ജില്ലയില്‍ ആറ് ബങ്കറുകള്‍ പൊളിച്ചുമാറ്റി.
അതിനിടെ, വേദനസംഹാരിയായ കോഡിന്‍ ഫോസ്‌ഫേറ്റ് അടങ്ങിയ 1,240 കുപ്പി സിറപ്പുകളുമായി നാല് അസം സ്വദേശികള്‍ അറസ്റ്റിലായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മന്ത്രിപുഖ്രിയില്‍ നിന്നാണ് ഇവരെ നാര്‍ക്കോട്ടിക്സ് ആന്‍ഡ് അഫയേഴ്സ് ഓഫ് ബോര്‍ഡര്‍ (എന്‍എബി) ഉദ്യോഗസ്ഥര്‍ പിടികൂടിയത്.