Sunday, November 24, 2024

കോവിഡ് വ്യാപനം രൂക്ഷം; മാസ്‌ക് ഉറപ്പാക്കണമെന്ന് രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന

ഒമിക്രോണിന്റെ അതിതീവ്ര വ്യാപന ശേഷമുള്ള എക്‌സ്ബിബി.1.5 അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്.

വിമാന യാത്ര പോലെ രോഗവ്യാപന സാധ്യതയേറിയ സാഹചര്യങ്ങളില്‍ മാസ്‌ക് ഉറപ്പാക്കേണ്ടതാണെന്ന് ഡബ്ല്യൂഎച്ച്ഒ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്മാള്‍വുഡ് പറഞ്ഞു.

അമേരിക്കയില്‍ നിലവില്‍ വ്യാപിക്കുന്ന കോവിഡില്‍ 27.6 ശതമാനത്തിനും കാരണം എക്‌സ്ബിബി.1.5 വകഭേദമാണ്. യൂറോപ്പില്‍ ഈ വകഭേദം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

ചൈന ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, തആആ.1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജപ്പാനില്‍ കോവിഡ് നിരക്കുകളും മരണനിരക്കുകളും റെക്കോഡ് നില ഭേദിച്ചും കുതിച്ചുകൊണ്ടിരിക്കുകയാണ്.

 

Latest News