ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് ഇന്റര്‍വ്യൂ നല്‍കാതെ ഇറാനിയന്‍ പ്രസിഡന്റ്. ഇതിനെതിരെ ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ക്രിസ്റ്റ്യന്‍ അമന്‍പൂറിന്റെ പ്രതിഷേധം. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ഇറാനിയന്‍ പ്രസിഡന്റിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയത്.
അഭിമുഖത്തിനായി പ്രസിഡന്റ് എത്തണമെങ്കില്‍ അവതാരക ഹിജാബ് ധരിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാന്‍ ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തനിക്ക് മുന്നിലുള്ള ഒഴിഞ്ഞ കസേരയുടെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.
‘ഇന്റര്‍വ്യൂവിന്റെ എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ച ശേഷവും ഇറാനിയന്‍ പ്രസിഡന്റ് വന്നില്ല. 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റിന്റെ സഹായി വന്ന് ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഞാന്‍ വിനയപൂര്‍വം അത് നിരസിച്ചു. ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോര്‍ക്കിലാണ് ഞാനിരിക്കുന്നതെന്നും ശിരോവസ്ത്രം ധരിക്കില്ലെന്നും എനിക്ക് പറയേണ്ടി വന്നു.
ഒരു മുന്‍ ഇറാനിയന്‍ പ്രസിഡന്റും ഇറാന് പുറത്ത് നടക്കുന്ന അഭിമുഖങ്ങളില്‍ അവതാരികയോട് ശിരോവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. തുടര്‍ന്ന് അഭിമുഖം നടത്താനാകാതെ ഞാന്‍ അവിടെ നിന്ന് മടങ്ങുകയായിരുന്നു’. ക്രിസ്റ്റ്യന്‍ അമന്‍പൂര്‍ ട്വീറ്റ് ചെയ്തു.