Sunday, November 24, 2024

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഉയര്‍ന്ന താപനില പാലക്കാട്

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുന്നു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 39.5 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാള്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂര്‍ 38.5 ഡിഗ്രി സെല്‍ഷ്യസും വെള്ളനികര 38 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഉയര്‍ന്ന ചൂട് ഗുജറാത്തിലെ ബുജില്‍ രേഖപ്പെടുത്തി. 41.6 ഡിഗ്രി സെല്‍ഷ്യസാണ് ബുജില്‍ അനുഭവപ്പെട്ട ചൂട്.

അതേസമയം മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്. മാര്‍ച്ച് 27-ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമാണ് മഴ സാധ്യയുള്ളത്. മാര്‍ച്ച് 28-ന് മറ്റ് രണ്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാര്‍ച്ച് 29-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാര്‍ച്ച് 30-ന് ഏഴ് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം മഴ സാധ്യതയുള്ളത്. അതേസമയം, മാര്‍ച്ച് 26 മുതല്‍ മുതല്‍ 30 വരെ വിവിധ ജില്ലകളില്‍ ഉയര്‍ന്നേക്കാവുന്ന താപനിലയുടെ തോതും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടു.

 

 

Latest News