Monday, November 25, 2024

പശ്ചിമേഷ്യന്‍ യുദ്ധം: റഷ്യയിലും പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധപ്രകടനം

പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘട്ടനം രൂക്ഷമാകുന്നതിനിടെ റഷ്യയിലും പാലസ്തീൻ അനുകൂലികളുടെ പ്രതിഷേധപ്രകടനം. ദക്ഷിണ റഷ്യൻ പ്രദേശമായ ഡാഗെസ്താൻലെ മഖച്കല വിമാനത്താവളത്തിലാണ് പാലസ്തീൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാരുടെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗാസയിലെ ഇസ്രായേൽ നടപടിയെ അപലപിക്കാനായി മഖച്കല വിമാനത്താവളത്തിലേക്ക് പ്രതിഷേധക്കാർ നീങ്ങുന്നതും വിമാനത്താവള ജീവനക്കാരോട് മോശമായ ഭാഷയിൽ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പാലസ്തീൻ പതാക വീശി അള്ളാഹു അക്ബർ എന്ന് വിളിച്ചാണ് പ്രതിഷേധക്കാർ വിമാനത്താവള കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പിന്നാലെ, ഇവർ റൺവേ പിടിച്ചെടുക്കുകയും റൺവേ അടയ്ക്കുകയും ചെയ്തു. ടെർമിനലുമായി ബന്ധപ്പെട്ട ചില മുറികൾ പ്രതിഷേധക്കാർ നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പ്രതിഷേധക്കാർ റൺവേ കയ്യടക്കിയതിനുപിന്നാലെ റഷ്യൻ ഏവിയേഷൻ അതോറിറ്റി മഖച്കലയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇസ്രായേൽ പൗരന്മാരെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പല മാധ്യമങ്ങളും അവകാശപ്പെടുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 -ലധികം പേർക്ക് പരിക്കേറ്റതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഡാഗെസ്താൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ പോലീസുകാരും സാധാരണക്കാരും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Latest News