Friday, March 13, 2026

ലോകമാകെ സഹായമെത്തിക്കാൻ പ്രതിസന്ധി; പശ്ചിമേഷ്യൻ യുദ്ധം ആഗോള ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നു

പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. യുദ്ധം മൂലം ചരക്കുനീക്കം തടസ്സപ്പെടുന്നത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭിക്കേണ്ട ജീവൻരക്ഷാ മരുന്നുകളുടെയും ഭക്ഷണത്തിന്റെയും വിതരണം സാവധാനത്തിലാക്കി. ഗാസയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇപ്പോൾ സഹായമെത്തിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളും ചരക്ക് കൂലി വൻതോതിൽ വർധിക്കാൻ കാരണമായിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് ഐക്യരാഷ്ട്രസഭയുടെ വിമാനസർവീസുകളുടെ ചിലവ് ഇരട്ടിയാക്കി. അതേസമയം, വറുതിയും വരൾച്ചയും അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ഭക്ഷണമെത്തിക്കാൻ കഴിയാത്തത് വലിയൊരു മാനുഷികദുരന്തത്തിന് വഴിവയ്ക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം പല രാജ്യങ്ങളും നൽകിവരുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്ന സമയത്താണ് പുതിയ യുദ്ധം വില്ലനായി എത്തിയിരിക്കുന്നത്. ഊർജവിലയും ഭക്ഷണസാധനങ്ങളുടെ വിലയും കൂടുന്നത് പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. ലോകം ഇപ്പോൾ വലിയൊരു അപകടസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News