പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും ഇപ്പോള്‍ സൈക്കിളുകള്‍ ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുള്ള നഗരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍. സംസ്ഥാന സര്‍ക്കാരിന്റെ ‘സബൂജ് സതി’ പദ്ധതിയുടെ ഭാഗമായി, 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ നല്‍കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.
‘സബൂജ് സതി’ പദ്ധതി പ്രകാരം മെയ് 11 വരെ 1,03,97,444 വിദ്യാര്‍ത്ഥികള്‍ക്കാണ് പശ്ചിമ ബംഗാളില്‍ സൈക്കിളുകള്‍ കൊടുത്തത്. 75.6 ശതമാനം കുടുംബങ്ങള്‍ക്കും സൈക്കിള്‍ കൈവശമുള്ള ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
കൃത്യമായി പൊതുഗതാഗതം ഇല്ലാത്ത പ്രദേശങ്ങളില്‍ പലരുടെയും യാത്രാമാര്‍ഗ്ഗം സൈക്കിളാണ്. ബംഗാളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ മാത്രമല്ല, പരിസ്ഥിതി സൗഹൃദമായതിനാല്‍ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗണ്‍ പോലുള്ള പ്രദേശങ്ങളിലും സൈക്കിളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. സാള്‍ട്ട് ലേക്ക്, ന്യൂ ടൗണ്‍ പോലുള്ള റോഡുകള്‍ക്ക് സമീപം പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കുന്നുണ്ട്. മറ്റുള്ള പ്രദേശങ്ങളിലും അത്തരം പാതകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.