Tuesday, November 26, 2024

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ എന്ത് നടപടിയെന്ന് സുപ്രീം കോടതി

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ, വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ട് സംസ്ഥാനങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്.

ഇതേ വിവരങ്ങൾ ശേഖരിച്ചു നൽകാൻ, കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ നിർദ്ദേശിച്ചിരുന്നതാണല്ലോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയത് എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി.

ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബാഗ്ലൂർ ആർച്ചുബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റവ. വിജയേഷ്‌ ലാൽ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ വീണ്ടും ഏപ്രിൽ 14-ന് പരിഗണിക്കും.

കടപ്പാട്: ദീപിക

Latest News