ഇസ്രയേലും ഗാസയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബന്ദികളെ കൈമാറ്റം ചെയ്യുകയും പലസ്തീനികളെ ഗാസയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യാൻ തുടങ്ങിയതുമുതൽ ലോകം ആശ്വാസത്തോടെയാണ് ഈ നീക്കത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നത്. എന്നാൽ യു എസ് പ്രസിഡന്റിന്റെ പലസ്തീൻ പുനർനിർമ്മാണത്തെ ആശങ്കയോടെയും ലോകം വീക്ഷിക്കുന്നു. അപ്പോഴാണ് ഇന്നലെ ഹമാസിന്റെ പ്രഖ്യാപനം ഇനിയുമൊരു യുദ്ധഭീതി ലോകത്തിനു നൽകുന്നത്.
അടുത്ത ബന്ദികളെ മോചിപ്പിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഹമാസ് കാലതാമസം പ്രഖ്യാപിച്ചതിനുപിന്നിൽ എന്തായിരിക്കാം കാരണമെന്ന് ലോകം ചിന്തിക്കുന്നു. ടെലിഗ്രാമിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനകളിലൊന്നിൽ, ഹമാസ് തങ്ങളുടെ പ്രഖ്യാപനത്തെ ഇസ്രായേലിനുള്ള ഒരു ‘മുന്നറിയിപ്പ്’ എന്ന് വിശേഷിപ്പിക്കുകയും ‘അധിനിവേശ (ഇസ്രായേൽ) ബാധ്യതകൾ നിറവേറ്റുന്നതിന് സമ്മർദം ചെലുത്താൻ മധ്യസ്ഥർക്ക് മതിയായ സമയം നൽകുകയും ചെയ്യുന്നു’ എന്ന് പറഞ്ഞു.
കുടിയിറക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ് വൈകിപ്പിക്കുക, അവർക്കെതിരെ വെടിയുതിർക്കുന്നത് തുടരുക, ചിലതരം മാനുഷിക സഹായങ്ങൾ അനുവദിക്കാതിരിക്കുക തുടങ്ങിയ നിരവധി പരാതികൾ ഹമാസ് ഇസ്രയേലിനെതിരെ ഉന്നയിക്കുന്നുണ്ട്. വീടുകൾ തകർന്ന നിരവധി പലസ്തീനികളെ പാർപ്പിക്കാൻ ഗാസയിലേക്ക് കാരവാനുകൾ അനുവദിക്കുന്നതിൽ ഇസ്രായേൽ കാണിക്കുന്ന വിമുഖതയെ ഹമാസുമായി ബന്ധമില്ലാത്ത മറ്റ് പലസ്തീൻ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. എന്നാൽ ഗാസ വിട്ടുപോകാൻ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇസ്രായേൽ സർക്കാർ പരസ്യമായി ചർച്ച ചെയ്യുന്ന സമയത്ത്, അത്യാവശ്യമായി ആവശ്യമായ താൽക്കാലിക താമസ സൗകര്യങ്ങൾക്ക് പെർമിറ്റ് നൽകാത്തത് അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ഭയവും വർധിപ്പിച്ചേക്കാം.
ഗാസ മുനമ്പ് പുനർനിർമ്മിക്കുമ്പോൾ മിക്ക പലസ്തീനികളും രാജ്യം വിടണമെന്നും ഗാസയെ അമേരിക്ക ഏറ്റെടുത്ത് ഭരിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയും കൂടിയായപ്പോൾ ഹമാസിന്, അൽപം കൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്ന തോന്നൽ ഉണ്ടായേക്കാം. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകളുടെ രണ്ടാം ഘട്ടത്തിൽ ഏർപ്പെടുന്നത് മൂല്യവത്താണോ എന്ന് ഹമാസിന് തോന്നിത്തുടങ്ങിരിക്കുന്നു.
ട്രംപ് ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ, ഗാസയിൽ സാധാരണക്കാരെ ഒഴിവാക്കേണ്ടത് ഇസ്രായേലിന്റെ ഉത്തരവാദിത്തമാണെന്ന് പലസ്തീനികൾക്കറിയാം. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും ശനിയാഴ്ചയ്ക്കകം തിരിച്ചെത്തിച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കാൻ നിർദേശിക്കുമെന്നും ട്രംപ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ സ്വന്തം അഭിപ്രായം മാത്രമാണ് പറയുന്നതെന്നും ‘ഇസ്രായേലിന് അത് മറികടക്കാൻ കഴിയുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യത മുന്നിൽകണ്ട്, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കേണ്ട കാര്യം ഹമാസിന് ഇല്ലെന്നും അവർ ചിന്തിക്കുന്നുണ്ടാകാം. “ഈ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമെല്ലാം തീർച്ചയായും ഹമാസിനെ കൂടുതൽ ശാഠ്യക്കാരാക്കുന്നു” – ഡുഡി സൽമാനോവിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയുടെ അനന്തരവൻ ഒമർ ഷെം ടോവ് ഇപ്പോഴും ഹമാസിന്റെ തടവിലാണ്.
ഹമാസിന്റെ ഭീഷണിപ്രകാരമുള്ള കാലതാമസത്തിനു പിന്നിലെ യുക്തിയെക്കുറിച്ച് ഇസ്രായേലിന് അവരുടേതായ സംശയങ്ങളുണ്ട്. വാരാന്ത്യത്തിൽ, മെലിഞ്ഞ് ആരോഗ്യം ക്ഷയിച്ച ബന്ദികളെ മോചിപ്പിക്കുന്ന കാഴ്ചയും ലോകം കണ്ടു. മറ്റുള്ളവരെ ഇതിലും മോശമായ അവസ്ഥയിൽ കാണാൻ ഹമാസ് ആഗ്രഹിക്കുന്നില്ലായിരിക്കാം എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ആയുധധാരികളായ ഹമാസ് പോരാളികൾ പകൽവെളിച്ചത്തിൽ പരേഡ് നടത്തുന്നതിന്റെ ടെലിവിഷൻദൃശ്യങ്ങൾ ലഭ്യമായിരുന്നു. അതിനു മറുപടിയെന്നവണ്ണം, യുദ്ധത്തിൽ നഷ്ടപ്പെട്ട അത്രയും സൈനികരെ തങ്ങൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന മുൻ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മുന്നറിയിപ്പും ഉണ്ടായി. അതിനാൽതന്നെ ശാശ്വതമായ സമാധാനശ്രമങ്ങളും വെടിനിർത്തലും തുടരുമെന്നും ആർക്കുമിപ്പോൾ ഉറപ്പ് നൽകുന്നില്ല. വളരെയധികം ശ്രദ്ധാപൂർവം ചർച്ച ചെയ്തും ഘട്ടംഘട്ടമായി നടപ്പിലാക്കിയതുമായ ഈ പ്രക്രിയ തകരാൻപോകുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വളരെ പോസിറ്റീവ് ആയ തുടക്കം മൂന്നാഴ്ചയ്ക്കുശേഷം കടുത്ത സമ്മർദത്തിലേക്കു നീങ്ങുമ്പോൾ വീണ്ടുമൊരു യുദ്ധനിഴൽ ഭീതിയിലേക്ക് നടന്നടുക്കുകയാണിപ്പോൾ.