Sunday, November 24, 2024

നോട്ടയ്ക്ക് കൂടുതല്‍ വോട്ട് കിട്ടിയാല്‍ എന്തുചെയ്യും?; ഇലക്ഷന്‍ കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ശ്രദ്ധേയമായൊരു ഹര്‍ജിയില്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരിക്കുകയാണ്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹര്‍ജി. ശിവ് ഖേര എന്ന മോട്ടിവേഷണല്‍ പ്രാസംഗികനാണ് പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. നോട്ടയെക്കാള്‍ കുറവ് വോട്ട് രേഖപ്പെടുത്തുന്ന എല്ലാ സ്ഥാനാര്‍ത്ഥികളെയും അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഒരു സാങ്കല്‍പിക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നോട്ടയ്ക്ക് മതിയായ പ്രശസ്തി നല്‍കാന്‍ നടപടി വേണമെന്നാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആവശ്യപ്പെടുന്നത്. സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരന്‍ ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമെങ്കിലും വിജയിച്ചതായി അനുവദിക്കരുതെന്നും നോട്ട എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിഷേധിക്കാനുള്ള അവസരമാണെന്നും അത് നല്‍കണമെന്നും ആവശ്യപ്പെടുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കാനുള്ള അവസരമാണ് നോട്ടയെന്നും ചില മണ്ഡലങ്ങളില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസില്‍ പ്രതികളാണ് എന്നും ഇത്തരക്കാര്‍ക്കെതിരായ ആയുധമാണ് നോട്ടയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇലക്ഷന്‍ കമ്മിഷന്റെ അവബോധമില്ലായ്മ പ്രശ്നബാധിതമായ രാജ്യത്തെ രാഷ്ട്രീയ സമ്പ്രദായത്തിനെതിരായി പ്രതികരിക്കാന്‍ ജനങ്ങള്‍ നോട്ടയെ ഉപയോഗിക്കുന്നതിനെ പരാജയപ്പെടുത്തിയെന്നും ഹര്‍ജിയിലുണ്ട്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ‘തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് പറയാനുള്ളതെന്ന് നമുക്ക് കാണാം.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

 

Latest News