മുഖംമൂടി ധരിച്ച ആളുകളാൽ നിറഞ്ഞ ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് 19 നുശേഷം മറ്റൊരു മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്തെ ഒന്നാകെ പിടിച്ചുലയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എച്ച്. എം. പി. വി. എന്ന നിശ്ശബ്ദ വൈറസിനെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ ആവശ്യമാണ്.
എന്താണ് എച്ച്. എം. പി. വി.? അത് എങ്ങനെ പടരുന്നു?
ഹ്യൂമൻ മെറ്റന്യൂമോ വൈറസ് എന്നാണ് എച്ച്. എം. പി. വി. യുടെ യഥാർഥ പേര്. മിക്ക ആളുകൾക്കും ഫ്ലൂയിൽനിന്ന് പ്രായോഗികമായി വേർതിരിച്ചറിയാൻ കഴിയാത്ത എന്നാൽ അതിനെക്കാൾ കുറച്ചുകൂടി ഉയർന്ന തരത്തിലുള്ള ശ്വാസകോശ അണുബാധയിലേക്കു നയിക്കുന്ന ഒരു വൈറസാണ് എച്ച്. എം. പി. വി.
2001 ൽ നെതർലാൻഡിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ്, ആളുകൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളിൽ ആരെങ്കിലും സ്പർശിക്കുമ്പോഴോ ആണ് പടരുന്നത്. ചുമ, പനി, മൂക്കൊലിപ്പ് എന്നിവയാണ് ഈ വൈറസ് ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ.
രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾ, ചെറുപ്പക്കാർ, പ്രായമായവർ, അർബുദം ബാധിച്ചവരുൾപ്പെടെയുള്ള ദുർബല പ്രതിരോധശേഷിക്കാരാണ് ഈ വൈറസിന് ഏറ്റവും കൂടുതൽ ഇരയാകുന്നതെന്ന് സിംഗപ്പൂരിലെ പകർച്ചവ്യാധി വിദഗ്ദ്ധനായ ഹ്സു ലി യാങ് പറയുന്നു.
രോഗബാധിതരുടെയും പ്രതിരോധശേഷി കുറഞ്ഞവരുടെയും ശ്വാസകോശത്തെ ഈ വൈറസ് കൂടുതലായും ബാധിക്കാനിടയാകും. രോഗികളിൽ പലർക്കും ആശുപത്രി പരിചരണം ആവശ്യമായിവരും. അണുബാധയുടെ തോതനുസരിച്ചാണ് മരണസാധ്യത നിലനിൽക്കുന്നത്.
ശ്വാസകോശ സംബന്ധമായ പല അണുബാധകളെയുംപോലെ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും എച്ച്. എം. പി. വി. ഏറ്റവും സജീവമാണ്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് വൈറസുകൾ തണുപ്പിൽ കൂടുതൽ നിലനിൽക്കുന്നതിനാലാണ് തണുപ്പുകാലത്ത് ഇത് കൂടുതൽ വ്യാപിക്കുന്നത്. വടക്കൻ ചൈനയിൽ, നിലവിലെ എച്ച്. എം. പി. വി. വ്യാപനം മാർച്ച് വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാസ്തവത്തിൽ, ചൈന ഉൾപ്പെടെ വടക്കൻ അർധഗോളത്തിലെ പല രാജ്യങ്ങളിലും എച്ച്. എം. പി. വി. യുടെ വ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ജാക്വലിൻ സ്റ്റീഫൻസ് പറഞ്ഞു. യു. എസി. ലെയും യു. കെ. യിലെയും കണക്കനുസരിച്ച് ഈ രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ എച്ച്. എം. പി. വി. കേസുകളിൽ വർധനവുണ്ട്.
എച്ച്. എം. പി. വി. കോവിഡ്-19 പോലെയാണോ?
കോവിഡ് -19 പോലെ പകർച്ചവ്യാധിയെക്കുറിച്ചുള്ള ഭയവും അതിരുകടന്നതാണ്. സാധാരണഗതിയിൽ പകർച്ചവ്യാധികൾ ഉണ്ടാകുന്നത് പുതിയ തരത്തിലുള്ള വൈറസ് മൂലമാണ്. എന്നാൽ എച്ച്. എം. പി. വി. യുടെ കാര്യം അങ്ങനെയല്ല. എച്ച്. എം. പി. വി. ആഗോളതലത്തിൽ നിലവിലുണ്ട്; അതും പതിറ്റാണ്ടുകൾക്കു മുൻപുതന്നെ. ഇതിനർഥം ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒരു പരിധിവരെ പ്രതിരോധശേഷി ഉണ്ട് എന്നാണ്. അതിനാൽ മൊത്തത്തിൽ, കൂടുതൽ ഗുരുതരമായ ആഗോളപ്രശ്നത്തിന്റെ സൂചനകളൊന്നും നിലവിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല” – ഡോ. എച്ച്സു പറഞ്ഞു.
എന്നിരുന്നാലും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകളിൽ നിന്ന് കൂടുതൽ ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ, സാധ്യമായ ഇടങ്ങളിലെങ്കിലും ആൾക്കൂട്ടത്തിൽ ഒഴിവാക്കുക, ശുചിത്വം പരിശീലിക്കുക, ഫ്ലൂ വാക്സിൻ എടുക്കുക തുടങ്ങിയവ സാധാരണ പൊതു മുൻകരുതലുകലുകളാണ്.