Sunday, November 24, 2024

വീഡിയോ ഗെയിമുകൾ കുട്ടിക്കളിയല്ല; രക്ഷിതാക്കൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

പണ്ടുകാലത്ത് കുട്ടികൾക്ക് ഒറ്റയ്ക്കും കൂട്ടമായും ഏർപ്പെടാൻ നിരവധി കളികളുണ്ടായിരുന്നു. അവയൊക്കെയും ശാരീരികവും ബൗദ്ധികവുമായ അധ്വാനം ആവശ്യമുള്ളവയായിരുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ, കുട്ടികൾക്ക് എല്ലാത്തരം വീഡിയോ ഗെയിമുകളും വിരൽത്തുമ്പിൽ ലഭിക്കും. ഇത് അവരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വീഡിയോ ഗെയിമുകൾ കുട്ടികളിൽ ചില ആസക്തികൾ സൃഷ്ടിക്കുകയും അവരുടെ പെരുമാറ്റത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മറ്റു കുട്ടികളുമായി വഴക്കിടുക, ഭീഷണിപ്പെടുത്തുക, ഒരു വീഡിയോ ഗെയിമിലെ പ്രധാന കഥാപാത്രത്തോട് തീവ്രമായ ആരാധന കാണിക്കുക, അത്തരത്തിലുള്ള കഥാപാത്രങ്ങളെപ്പോലെ പെരുമാറുക, അവരുടെ പ്രിയപ്പെട്ട കഥാപാത്രത്തെപ്പോലെ സംസാരിക്കുക എന്നിവ ഗെയിം ആസക്തിയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതാണ്.

മാതാപിതാക്കൾ തങ്ങളുടെ ജോലിത്തിരക്കിലായിരിക്കുമ്പോൾ കുട്ടികൾ അടങ്ങിയിരിക്കാൻവേണ്ടി പലപ്പോഴും ഇത്തരം വീഡിയോ ഗെയിമുകളോ, മറ്റുതരത്തിലുള്ള സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിക്കാൻ അവസരം നൽകുന്നു. അതുവഴി പ്രത്യക്ഷത്തിൽ കുട്ടികൾ ശാന്തരാകുകയും രക്ഷിതാക്കൾക്ക് അവരുടെ ജോലി സുഗമമാകുകയും ചെയ്യും. കുട്ടികൾക്ക് വീഡിയോ ഗെയിമുകൾ കളിക്കാൻ സമ്മതം നൽകുന്നതുവഴി അമിതമായ ഗെയിം അഡിക്ഷനിലേക്ക് അത് അവരെ നയിക്കാം.

ഒരു കുട്ടി ഒരു മണിക്കൂറിനുള്ളിൽ ഗെയിം പൂർത്തിയാക്കിയേക്കില്ല എന്നതാണ് വസ്തുത. ഇങ്ങനെയാണ് കളിയുടെ സമയത്തിന്റെ ദൈർഘ്യം കൂടുന്നത്. നിങ്ങളുടെ കുട്ടി ഒരു ദിവസം മൂന്നോ, നാലോ, അതിലധികമോ മണിക്കൂർ വീഡിയോ ഗെയിമുകൾ ഉപയോഗിക്കുന്നുവെങ്കിൽ, അത് എളുപ്പത്തിൽ ഒരു ആസക്തിയായി മാറും.

വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നതുവഴി കുട്ടികൾ പൊതുവെ ശാന്തരായി കാണപ്പെടുന്നതിനാലാണ് രക്ഷിതാക്കളിൽ പലരും ഇത് പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ, ഇത്തരം കളികൾ കുട്ടിയുടെ മനസ്സിൽ എത്തരത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല. വളർച്ചയുടെ പാതയിൽ, കുട്ടികളുടെ മനസ്സിൽ വരുന്നതെന്തും തീർച്ചയായും അവരുടെ ഭാവിയെ ബാധിക്കും. കുട്ടികളുടെ മനസ്സ് ഇത്തരം ഗെയിമുകളിലെ ക്രിമിനൽ പശ്ചാത്തലങ്ങൾ ദീർഘനേരം കാണുമ്പോൾ അവർ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. കത്തികളും വെടിയുണ്ടകളും പരിക്കുകളും എല്ലാം കണ്ടുവളരുന്ന ഒരു കുട്ടി അറിയാതെ മനുഷ്യജീവിതം കത്തിമുനയിൽ അവസാനിക്കുമെന്ന തെറ്റായ ധാരണ തന്നിൽ വളർത്തുന്നു. ക്രമേണ അവർ പ്രതികാരചിന്തയുള്ളവരും സാമൂഹികവിരുദ്ധരുമായി മാറുന്നതിന് സാധ്യതയുണ്ട്.

ചെറുപ്പത്തിൽത്തന്നെ വേണ്ടത്ര സമയവും പരിചരണവും കരുതലും കുട്ടികൾക്കു നൽകുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടാൽ, അവർ മുതിർന്നവരാകുമ്പോൾ നന്നായി പെരുമാറുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും. കുട്ടിക്കാലത്ത് അച്ഛനും അമ്മയും കാണിച്ചുതന്ന പാതയിലൂടെയായിരിക്കണം മക്കൾ സഞ്ചരിക്കേണ്ടത്.

പരിഗണിക്കേണ്ട മറ്റൊരു കാര്യം, ചില വീഡിയോ ഗെയിമുകൾ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ്. അവ തീർച്ചയായും കുട്ടികൾക്ക് സ്ത്രീകളെക്കുറിച്ച് വളരെ തെറ്റായ ധാരണ നൽകും. വീഡിയോ ഗെയിം അഡിക്ഷനുള്ള കുട്ടികൾ മിക്കപ്പോഴും പഠനത്തിലുള്ള താല്പര്യക്കുറവ്, അലസത, ഏകാഗ്രതക്കുറവ്, വിഷാദം, അമിതവണ്ണം, നേത്രരോഗങ്ങൾ, നിരന്തരമായ തലവേദന തുടങ്ങിയവയ്ക്ക് ഇരയാകുന്നു.

കുട്ടികൾ ഓടിനടന്ന് വളരുന്ന വീടുകൾ ചിരിയുടെ നിറവിലാണ്. കുട്ടികൾ ശരിയായ പാതയിലാണെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വീഡിയോ ഗെയിമുകൾക്ക് പരിധി നിശ്ചയിക്കുക.

രക്ഷിതാക്കൾക്ക് ഇവയിലൊക്കെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നത് ആഴ്ചയിൽ ഒരു ദിവസമായി പരിമിതപ്പെടുത്താം; അല്ലെങ്കിൽ വല്ലപ്പോഴും. അവർ മറ്റു കുട്ടികളുമായി കളിക്കട്ടെ. മയക്കുമരുന്നിന് അടിമകളായവരിൽ കാണുന്നതുപോലെയുള്ള രാസമാറ്റങ്ങൾ വീഡിയോ ഗെയിം അടിമകൾക്കും അനുഭവപ്പെടുന്നു. ചെറുപ്രായത്തിൽത്തന്നെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.

അവരോട് സൗഹൃദപരമായി സംസാരിക്കാനും പെരുമാറാനും മാതാപിതാക്കൾക്കു കഴിയണം. അത് സാധ്യമായാൽ കുട്ടികൾ വീഡിയോ ഗെയിമുകൾക്കോ, ​​മറ്റു കാര്യങ്ങൾക്കോ പിന്നാലെ പോകില്ല. അവരുടെ ശാരീരികക്ഷേമത്തിനായി പണം നിക്ഷേപിക്കുന്നതോടൊപ്പം അവർക്കായി നിങ്ങളുടെ സമയവും നിക്ഷേപിക്കുക. അങ്ങനെ മക്കളുടെ ഭാവിയെ സമ്പന്നമാക്കാം.

സുനീഷ വി. എഫ്.

Latest News