Monday, November 25, 2024

മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ എന്തുചെയ്യണം: മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്ന കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകള്‍ നഷ്ടമാകുകയോ, മോഷണം പോകുകയോ ചെയ്താല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ പൊലീസ് വിശദീകരിക്കുന്നു.

ഫോൺ നഷ്ടമായാൽ എത്രയുംവേഗം ബന്ധപ്പെട്ട സ്റ്റേഷനില്‍ പരാതിനല്‍കുകയാണ് വേണ്ടതെന്നാണ് ആദ്യനിര്‍ദേശം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോല്‍ ആപ്പ്’ വഴിയോ, ‘തുണ വെബ് പോര്‍ട്ടല്‍’ വഴിയോ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ പരാതിനല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഫോണ്‍നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കുമെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കേരള പൊലീസ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

“നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ, മോഷണം പോകുകയോ ചെയ്താല്‍ എത്രയുംവേഗം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയാണ് വേണ്ടത്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ, പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതിനല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോണ്‍നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും.

നഷ്ടമായ ഫോണിൽ, സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങളുണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനുമുള്ള മാര്‍ഗങ്ങള്‍ ഈ പേജില്‍ കാണാന്‍കഴിയും. കൂടാതെ, ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂർണ്ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. ബാങ്ക് അക്കൗണ്ട്, പാസ്വേർഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.”

Latest News