ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയമായി ശരിയല്ലാത്ത വിമര്‍ശനമാണ് യോഗി നടത്തിയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോള്‍ മുതിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദത്തിലായിരുന്നു. വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
സുസ്ഥിര വികസന സൂചികകളില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞത്. കെ ഫോണ്‍ ഒന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമായി. സംസ്ഥാന പോലീസ് മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ അംഗീകാരം പോലീസ് സേനയ്ക്ക് ലഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകള്‍ ഐ എസ് ഒ അംഗീകാരവും നേടിയിട്ടുണ്ട്. കലാപങ്ങള്‍ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്. കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.