Friday, April 18, 2025

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്നു വ്യക്തമാക്കി ഹൈക്കോടതി

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ആക്ഷേപകരമായ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. പോക്‌സോ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരായ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിനെതിരായ കുറ്റപത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. മാനുവല്‍, രൂപീകരിച്ചതും അഡ്മിനുമായ ‘ഫ്രണ്ട്സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 2020 മാര്‍ച്ച് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഒരു അംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്തയാളെ ഒന്നാം പ്രതിയാക്കി, ഐടി നിയമത്തിലെ 67 ബി വകുപ്പുകളും പോക്സോ നിയമത്തിലെ 13, 14, 15 വകുപ്പുകളും പ്രകാരം എറണാകുളം സിറ്റി പോലീസ് കേസെടുത്തു. തുടര്‍ന്ന് ഗ്രൂപ്പിനു രൂപം നല്‍കിയ ആളെന്ന നിലയില്‍ മാനുവലിനെ രണ്ടാം പ്രതിയാക്കി പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രൂപ്പിന്റെ അഡ്മിന്‍ എന്ന നിലയില്‍ തന്നെ പ്രതിയാക്കിയതിനെതിരെ മാനുവല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഒരു ഗ്രൂപ്പ് അംഗത്തിന്റെ ആക്ഷേപകരമായ പോസ്റ്റിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു. ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ പോസ്റ്റിന് ഏതെങ്കിലും മെസേജിങ് സേവനത്തിന്റെ അഡ്മിന്‍ ബാധ്യസ്ഥനാകുന്ന ഒരു നിയമവുമില്ല. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ മറ്റ് അംഗങ്ങളേക്കാള്‍ ആസ്വദിക്കുന്ന ഒരേയൊരു പ്രത്യേകാവകാശം, ഗ്രൂപ്പില്‍ ആരെയെങ്കിലും ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നതാണ്. അഡ്മിന് അംഗങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. പൊതു ഉദ്ദേശ്യമോ ഗ്രൂപ്പ് അഡ്മിനും അംഗവും തമ്മില്‍ ആസൂത്രിതമായ പദ്ധതിയോ ഉണ്ടെന്ന് വ്യക്തമാകുന്നില്ലെങ്കില്‍ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന അംഗത്തിന്റെ പ്രവൃത്തിക്ക് ഗ്രൂപ്പ് അഡ്മിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

 

Latest News