ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഇനി ഒരേ സമയം നാലു ഫോണുകളില്‍ ഉപയോഗിക്കാം. മെറ്റാ മേധാവി മാര്‍ക് സുക്കന്‍ബെര്‍ഗ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ആഴ്ചയിലാണ് ആഗോളതലത്തില്‍ അപ്‌ഡേഷന്‍ നിലവില്‍ വരുക.
നിലവില്‍ ഒരു അക്കൗണ്ട് ഒരു ഫോണില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. വെബ് ബ്രൗസര്‍ വഴിയോ കംപ്യൂട്ടര്‍ വഴിയോ മാത്രമാണ് അതേ വാട്‌സാപ്പ് ഉപോഗിക്കാനാവുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരേ സമയം ഒന്നിലധികം ഫോണിലും കംപ്യൂട്ടറിലും വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
മറ്റ് ഫോണുകളിലും വാട്‌സ് ആപ്പ് മെസേജുകള്‍ ലഭ്യമാകുമെന്നതിനാല്‍ ഒരു ഫോണ്‍ സ്വിച്ച് ഓഫ് ആയാലും മറ്റു ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം. ദീര്‍ഘനേരം പ്രവര്‍ത്തന രഹിതമായാല്‍ സ്വയം ലോഗൗട്ടാകും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഒടിപി വഴിയുമാണ് അക്കൗണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക.
ലിങ്ക് ചെയ്തിരിക്കുന്ന ഓരോ ഫോണും വാട്‌സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ഉറപ്പാക്കിയതായും വാട്‌സ് ആപ്പ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ ഫോണുകള്‍ മാറാനും നിര്‍ത്തിയിടത്ത് നിന്ന് ചാറ്റുകള്‍ കാണാനും സാധിക്കും. രണ്ട് ബില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.