Monday, November 25, 2024

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ സീക്രട്ട് കോഡ് ഫീച്ചറുമായി വാട്സാപ്പ്

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ജനപ്രിയ മെസ്സേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ്. മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇപ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ഒരു സീക്രട്ട് കോഡ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ ഈ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാട്സാപ്പില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് പുതിയ ഫീച്ചറായ സീക്രട്ട് കോഡ്. ഏതു രഹസ്യവും ഭദ്രമായി സൂക്ഷിക്കാൻ സഹായിക്കുമെന്നതാണ് പുതിയ വാട്സാപ്പ് സീക്രട്ട് കോഡ് ഫീച്ചറിന്റെ പ്രത്യേകത. ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായാണ് ഈ സീക്രട്ട് കോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശനസുരക്ഷയും വര്‍ധിപ്പിക്കുക എന്നതാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്.

ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി ഒരു രഹസ്യകോഡും പുതിയ അപ്ഡേറ്റ് വഴി സൃഷ്ടിക്കാന്‍ കഴിയും. രഹസ്യചാറ്റുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പാസ്സ് വേർഡായി ഈ രഹസ്യകോഡ് പ്രവര്‍ത്തിക്കും. ചാറ്റുകളില്‍ ഒരു രഹസ്യകോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക്, ലിങ്ക് ചെയ്തിരിക്കുന്ന മറ്റു ഡിവൈസുകളിലെ ചാറ്റുകള്‍പോലും ലോക്ക് ചെയ്യാന്‍ കഴിയുകയും ചാറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യാം.

Latest News