ജനപ്രിയ മെസ്സേജിംങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ ടെക്സ്റ്റ് സന്ദേശങ്ങൾക്കു പുറമെ ക്യാപ്ഷനും എഡിറ്റ് ചെയ്യാം. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചതായാണ് വിവരം. അയച്ച ഫോട്ടോകൾ, വീഡിയോകൾ, GIF-കൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
വാട്സ് ആപ്പിന്റെ എഡിറ്റ് മെസേജ് ഫീച്ചറിനു സമാനമാണ് പുതിയ ഫീച്ചറും. ഒരു ഫോട്ടോയോ, വീഡിയോയോ അയച്ച് 15 മിനിറ്റിനുള്ളിൽ മീഡിയ ക്യാപ്ഷൻ എഡിറ്റ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾ അപ്ഡേറ്റ് ചെയ്ത ക്യാപ്ഷനോടെ ഇനി ഫോട്ടോകളോ, വീഡിയോകളോ, GIF-കളോ, ഡോക്യുമെന്റുകളോ വീണ്ടും അയയ്ക്കേണ്ട ആവശ്യവുമില്ല. സന്ദേശത്തിൽ ടാപ്പ് ചെയ്ത് ‘എഡിറ്റ്’ ബട്ടണിൽ ടാപ്പ് ചെയ്താൽ ഇത് എഡിറ്റ് ചെയ്യാം.
കഴിഞ്ഞ ആഴ്ച iOS-നുള്ള വാട്സ് ആപ്പിന്റെ പതിപ്പിൽ ‘എഡിറ്റ് മീഡിയ ക്യാപ്ഷൻ’ ഫീച്ചർ വന്നിരുന്നു. എന്നാൽ പലർക്കും അത് ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. വാട്സ് ആപ്പ് ഡെവലപ്പർമാർ ഇത് വരുംആഴ്ചകളിൽ പുറത്തിറക്കുമെന്നാണ് സൂചന. ഇതുകൂടാതെ, വാട്സ് ആപ്പ് വേറെയും ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. എച്ച്.ഡിയിൽ ചിത്രങ്ങൾ അയയ്ക്കാനുള്ള ഫീച്ചർ, പുതിയ എ.ഐ-പവർ സ്റ്റിക്കർ ജനറേഷൻ ടൂൾ, ഫോൺ സ്ക്രീൻ മറ്റുള്ളവരുമായി പങ്കിടാനുള്ള ഓപ്ഷൻ, ഒന്നിലധികം അക്കൗണ്ടുകൾക്കുള്ള സപ്പോർട്ട് എന്നിങ്ങനെയാണ് പുതിയ ഫീച്ചറുകൾ.