Monday, November 25, 2024

ഹൃദയം പുൽക്കൂടാകുമ്പോൾ

“വേഗം ഈ മരക്കമ്പിൽ പിടിക്ക്. എന്നിട്ട് രക്ഷപെടൂ” – കുത്തനെയുള്ള വലിയ താഴ്വരയിലേയ്ക്ക് വീഴാറായി നിൽക്കുന്ന, ഹേറോദേസിന്റെ ഏറ്റവും ശക്തനായ ഭടന്റെ രണ്ട് നായകളോടാണ് പറയുന്നത്. ബോ എന്ന കഴുതക്കുട്ടിയുടെ സഹായഹസ്തം. അവരുടെ യജമാനനും അവരെപ്പോലെ തന്നെ വലിയ താഴ്വരയിലേയ്ക്ക് വീഴാറായി നിൽക്കുകയാണ്. എങ്കിലും അയാളുടെ കൈവശം തന്റെ നായ്ക്കളെ കെട്ടിയിരിക്കുന്ന ചങ്ങലയുണ്ട്. അതിനിടയിലാണ് ബോയുടെ സഹായവാഗ്ദാനം.

  • ആ രണ്ടു കാവൽനായകളും ദേഷ്യത്തോടെ ബോയെ നോക്കുകയാണ്. ഞങ്ങളെ രക്ഷിക്കുവാൻ ശക്തനായ തങ്ങളുടെ യജമാനൻ ഉണ്ടെന്നുള്ള വിശ്വാസത്തിൽ. മുകൾഭാഗത്തെ പാറയിൽ കയറി രക്ഷപെടാനുള്ള സാധ്യത ചെറുതായിട്ടുണ്ടായിരുന്നു ഭടന്. പക്ഷേ, ഒരു കൈയ്യിൽ തന്റെ രണ്ടു നായകളെയും കൂട്ടിപ്പിടിച്ചു കൊണ്ട് കിഴുക്കാംതൂക്കായ ആ മലയുടെ ഒരു പാറക്കല്ലിൽ മറുകൈ കൊണ്ട് പിടിച്ച് ഒരാൾക്ക് എത്രനേരം തുടരാനാകും. ഒടുവിൽ അയാൾ തന്റെ കൈയ്യിലെ ചങ്ങല യാതൊരു ദയവുമില്ലാതെ താഴേയ്ക്ക് ഇടുകയാണ്. എങ്കിലും പാറക്കെട്ടുകളിൽ പിടിച്ച് മുകളിലേയ്ക്ക് കയറുന്നതിനിടയിൽ അയാൾ താഴേയ്ക്ക് പതിച്ചു.

2017-ൽ പുറത്തിറങ്ങിയ ദ സ്റ്റാർ (The Star) എന്ന ക്രിസ്തുമസ് ചിത്രത്തിലെ ഒരു രംഗമാണിത്. മേരിക്കും ജോസഫിനും ജനിക്കുവാൻ പോകുന്ന കുഞ്ഞിനെ കണ്ടുപിടിച്ച് വധിക്കുവാൻ ഹേറോദേസ് തന്റെ ഭടനെ അയയ്ക്കുന്നു. ദിവ്യശിശുവിനെ രക്ഷിക്കുവാനായി ബോ എന്ന കഴുതക്കുഞ്ഞും, റബേക്ക എന്ന ചെമ്മരിയാട്ടിൻകുട്ടിയും, ഡേവ് എന്ന പ്രാവും നടത്തുന്ന വലിയ പരിശ്രമങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

മേരിയെയും കുഞ്ഞിനേയും അന്വേഷിച്ച് ബെത്ലഹേമിലെ തെരുവീഥികളിൽ എല്ലാവിധ ധാർഷ്ട്യത്തോടെയും നടക്കുകയായിരുന്നു അവർ. ശക്തനായ തന്റെ യജമാനന്റെ നായകൾ എന്ന അഹങ്കാരവും അവരിൽ ഉണ്ടായിരുന്നു. അങ്ങനെ ജോസഫും മേരിയും ഉള്ള കാലിത്തൊഴുത്തിന്റെ അരികിലേയ്ക്ക് എത്താറായപ്പോൾ ഉണ്ണിയേശുവിനെ ദർശിക്കുവാൻ വന്ന രാജാക്കന്മാരുടെ ഒട്ടകങ്ങളാണ് അവർ മൂവരെയും വലിച്ചിഴച്ച് താഴ്വരയിലേക്ക് തള്ളിയിട്ടത്. പക്ഷേ, മേരിയുടെ സന്തതസഹചാരിയായ ബോയ്ക്ക് ഇവരോട് ദയ തോന്നുകയാണ്. അങ്ങനെ ബോയുടെ ജീവൻ അപകടത്തിലാണെങ്കിൽപോലും ആ വലിയ ചങ്ങല കടിച്ചുപിടിച്ചു കൊണ്ട്, ആ ദുഷ്ടരായ രണ്ടു നായകളെ രക്ഷിക്കുവാൻ ശ്രമിക്കുന്നത്. ഡെവും റബേക്കയും അരികിൽ നിന്നുകൊണ്ട് ബോയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഒടുവിൽ റബേക്കയും കൂടി ചങ്ങല കടിച്ചുപിടിച്ചുയർത്തി അവരെ രക്ഷിക്കുന്നു.

തിരികെ മുകളിലെത്തിയപ്പോൾ ഒട്ടകങ്ങൾ അവരുടെ കഴുത്തിലുണ്ടായിരുന്ന ഭാരമുള്ള ചങ്ങല കടിച്ചുയർത്തി അവരെ മോചിപ്പിച്ചു. ഒരു നിശ്വാസത്തോടെ തലകുനിച്ചു കൊണ്ട് അവർ വിഷമത്തോടെ പറയുകയാണ്: ‘We are bad dogs’ – ഞങ്ങൾ മോശം നായകളാണ്.’ ഇതു കേട്ട ബോ വളരെ കാരുണ്യത്തോടെ പറയുകയാണ്: ‘ഇനി നിങ്ങൾ അങ്ങനെയാകില്ല. കാരണം നിങ്ങളിപ്പോൾ സ്വതന്ത്രരാണ്.’ ഇത്രയും പറഞ്ഞുകൊണ്ട് നമുക്കായി രക്ഷകൻ ജനിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവരെ എല്ലാവരെയും കൂട്ടി കാലിത്തൊഴുത്തിലേയ്ക്ക് ബോ പായുകയാണ്. പിന്നാലെ സ്വതന്ത്രരായ നായകളും.

ജീവിതത്തിലെ വലിയ തെറ്റുകളുടെ താഴ്വരയില്‍ നിന്നും നന്മയിലേയ്ക്കുള്ള ഒരു ഉയർത്തപ്പെടലാണ് ഇവിടെ ആ രണ്ടു മൃഗങ്ങൾക്കും സംഭവിച്ചത്. പകയുടെയും വിദ്വേഷത്തിന്റെയും ഏടുകളെ ജീവിതത്തിൽ നിന്നും അടർത്തിമാറ്റിയപ്പോഴാണ് അവർക്ക് നന്മ എന്താണെന്ന തിരിച്ചറിവുണ്ടായത്. ആയിരുന്ന അവസ്ഥയെ ഏറ്റുപറഞ്ഞു കൊണ്ട് പശ്ചാത്തപിക്കുവാൻ അവർ കാണിച്ച സന്മനസ്സുണ്ടായതുകൊണ്ട് അവർക്കും രക്ഷകനെ കാണാൻ അവസരമുണ്ടായി. നിങ്ങൾ സ്വാതന്ത്രരാണെന്ന ഒറ്റ വാചകത്തിലൂടെ നന്മയുടെ പാത കാണിച്ചുകൊടുത്ത ബോയെ നമുക്കും മാതൃകയാക്കാവുന്നതാണ്. ഒരു നന്മ കൊണ്ട് ഒരുപാട് തിന്മകളെ മായ്ച്ചുകളയുന്നവനാണ് ഉദയം ചെയ്തവൻ എന്ന് നാം മനസ്സിലാക്കണം.

ക്രിസ്തുമസ് നൽകുന്ന സന്ദേശവും ഇതു തന്നെയാണ്. സ്വാതന്ത്രരാക്കപ്പെടുന്നതിലൂടെ ജീവിതത്തിൽ ഇരുളിന്റെ സാധ്യത ഇല്ലാതാക്കപ്പെടുകയാണ്. ഇതുപോലുള്ള അനേകായിരം ഇരുളിന്റെ മറുപുറങ്ങളെ ഇല്ലായ്മ ചെയ്ത് വെളിച്ചത്തിന്റെ മനോഹരമായ സാധ്യതകളെ മറ്റുള്ളവർക്കായി തുറന്നുവയ്ക്കുമ്പോഴാണ് നമ്മുടെ ഹൃദയത്തിൽ രക്ഷകൻ പിറവിയെടുക്കുന്നത്.

“ഹൃദയം വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്ന വിശുദ്ധ ലിഖിതങ്ങൾ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന നിമിഷങ്ങളാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്. ജീവിതത്തിലെ എല്ലാവിധ വിഷമതകളെയും മാറ്റിവച്ചു കൊണ്ട് തിരുപ്പിറവിയുടെ ആനന്ദത്തിലേയ്ക്ക് ജീവിതം ചേർത്തുവയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ ഒരു കൂടിച്ചേരലിൽ യഥാർത്ഥ ദൈവസാന്നിദ്ധ്യം അറിയേണ്ടതുണ്ട്.

ബോ രക്ഷപെടുത്തിയ നായകൾക്കും പിന്നീട് രക്ഷകനായ യേശുവിനെ കാണുവാൻ അവസരം ലഭിക്കുന്നുണ്ട്. ഉള്ളിൽ പകയും വിദ്വേഷവും അഹംഭാവവും വച്ചുപുലർത്തിക്കൊണ്ട് അവർ തന്റെ യജമാനനോടൊപ്പം യേശുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പക്ഷേ, പിന്നീടുണ്ടായ ഏറ്റുപറച്ചിലിനുശേഷം അവർക്ക് രക്ഷകനെ കാണുവാനും ആരാധിക്കുവാനും അവസരം ലഭിക്കുകയാണ്. തിന്മയുടെ ചങ്ങലക്കണ്ണികളിൽ നിന്നുണ്ടായ ആ വലിയ വിമോചനത്തിൽ അവർക്ക് ദർശിക്കാനായത് മിശിഹായെ ആണ്.

നമ്മുടെ ഉള്ളിലെ മോശം ചിന്തകളെ വെടിയുമ്പോഴാണ് നമ്മുടെ ഹൃദയവും ഒരു പുൽക്കൂടായി മാറ്റപ്പെടുക. ആ ഒരു കൃപയ്ക്കായിട്ടാകട്ടെ നമ്മുടെ പ്രാർത്ഥന. ഹൃദയമൊരുക്കുവാൻ ഹൃദയമുരുക്കിയുള്ള ആത്മാർത്ഥമായ പ്രാർത്ഥനയെ തീർച്ചയായും അവിടുന്ന് കേൾക്കും. ഒരു നെരിപ്പോടിൽ എരിയപ്പെടുന്ന കനലുകൾക്ക് എന്നും വേദനയുടെയും ചൂടിന്റെയും അനുഭവങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പക്ഷേ, അതിനു ചുറ്റും കൂടിയിരിക്കുന്നവരുടെ തണുപ്പ് അകറ്റപ്പെടുകയെന്ന വലിയ കാര്യം സംഭവിക്കുമ്പോഴാണ് അതിനുള്ളിലെ ചൂടു കൊണ്ട് അർത്ഥമുണ്ടാകുന്നത്.

ഈ ഒരു ചിന്തയോടു കൂടി നമുക്ക് ഈ ക്രിസ്തുമസ് കാലം പ്രാര്‍ത്ഥനാപൂർവ്വമായിരിക്കാം. ഉള്ളിലെ അഹന്തയും വെറുപ്പും എടുത്തുമാറ്റി പകരം സ്നേഹവും പരിഗണനയും നന്മയും നിറയ്ക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തിൽ പ്രത്യാശയായി നാം മാറുമെന്നത് തീർച്ച.

‘ജോയ് റ്റു ദ വേൾഡ്’ (Joy to the world) എന്നു തുടങ്ങുന്ന മനോഹരമായ ഒരു ക്രിസ്തുമസ് ഗാനമുണ്ട്. അതിലെ പ്രധാനപ്പെട്ട വരികളുടെ അർത്ഥം ഇപ്രകാരമാണ്:

ഭൂമി അവളുടെ രാജാവിനെ സ്വീകരിക്കട്ടെ
സ്വർഗ്ഗവും പ്രകൃതിയും പാടുമ്പോൾ
എല്ലാ ഹൃദയങ്ങളും അവനായുള്ള മുറിയൊരുക്കട്ടെ….

എത്ര അർത്ഥപൂർണ്ണമായ വരികൾ. യേശുവിന്റെ ജനനത്തെപ്രതി പ്രപഞ്ചമൊട്ടാകെ ആനന്ദിക്കുമ്പോൾ മറ്റൊരിടത്തുമല്ല മാനവഹൃദയങ്ങളിലാണ് അവൻ വന്നുപിറക്കേണ്ടതെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ഗാനം. അങ്ങനെ ഒരു തിരിച്ചറിവിലാകട്ടെ ഈ ആത്മീയ ആഘോഷത്തിന്റെ സുദിനങ്ങൾ. നമ്മുടെയൊക്കെ ഹൃദയങ്ങളിലെ പുൽക്കൂട്ടിൽ ഉണ്ണിയേശു പിറക്കട്ടെ. ചിന്തകൾക്ക് മുകളിൽ തെളിയട്ടെ ശരിയായ പാത കാണിച്ചുതരുന്ന ആ തിളക്കമുള്ള നക്ഷത്രവും.

ഏവർക്കും തിരുപ്പിറവിയുടെ പ്രാർത്ഥനാശംസകൾ!!!

സുനിഷ നടവയല്‍

Latest News