കള്ളകർക്കിടകം പോയ്മറഞ്ഞു, ചിങ്ങമാസം വന്നു ചേർന്നു. മലയാളിക്കിന്നു പുതു വർഷത്തിന്റെ ആഘോഷസുദിനം. ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി പൂർവിക സമരണകളാണ് ചിങ്ങമാസം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്. സമ്പന്നമായ ഒരു കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണത്. ആടിയറുതി എന്ന പേരിലാണ് ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.
കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.
കാലം മാറി മലയാളിയുടെ കെട്ടും മട്ടും ആകെ മാറി എന്നിരുന്നാലും
വറുതിയുടെ, ഇല്ലായ്മകളുടെ കർക്കിടക പെയ്തിനുശേഷം കടന്നുവരുന്ന ചിങ്ങം മലയാളിക്ക് എക്കാലവും പ്രിയങ്കരമാകുന്നു.
കർഷകരെ ചേർത്തുനിർത്താനൊരു ദിനം
‘ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്‍ക്കതിരല്ല കരിയുന്ന മോഹമാണ്’
കാട്ടാക്കടയുടെ കവിത കെട്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലായി നമുക്ക് മുൻപിലുണ്ട്. കുട്ടനാട്ടിലെയും പാലക്കാട്ടെയും വായനാട്ടിലെയുമൊക്കെ പാഠങ്ങളിൽ നിന്നും കണ്ണീർ കാഴ്ചകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കാലാവസ്ഥ വ്യതിയാനവും , വിലസ്ഥിരത ഇല്ലായ്മയുമെല്ലാം അക്ഷരാർത്ഥത്തിൽ കർഷകന്റെ നടുവൊടിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് വിദർഭയിലും വയനാട്ടിലുമൊക്കെ സംഭവിച്ച കര്ഷക ആത്മഹത്യാ പരമ്പരകൾ ഒരു മുറിപ്പാടായി നമുക്ക് മുമ്പിൽ ഉണ്ട്. കർഷക ദിനത്തിലെ കേവലം ഷാള് പുതപ്പിക്കലിനും ഫോട്ടോ എടുപ്പിലും ആശംസ സന്ദേശങ്ങളിലും ഒതുങ്ങിപ്പോകുന്നുണ്ടോ നമ്മുടെ കർഷക സ്നേഹം. . പദ്ധതികൾ ചുവപ്പു നാടകളുടെയും സാങ്കേതികത്വങ്ങളുടെയും കുരുക്കിൽ വീർപ്പു മുട്ടാതിരിക്കട്ടെ , കോതമംഗലത്തെ വാഴതോട്ടത്തിൽ വീണ കർഷകന്റെ കണ്ണീർ ഒരു ഓര്മപ്പെടുത്തലാണ്. നമ്മുടെ ഭരണാധികാരികളും പൊതു സമൂഹവും ഒരു പുനർ വിചിന്തനത്തിനു തയ്യാറാകണം എന്ന ഓർമപ്പെടുത്തൽ .
(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )