Sunday, November 24, 2024

“ഇസ്രയേല്‍ യുവതികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മനുഷ്യാവകാശം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു”: അന്താരാഷ്ട്ര സംഘടനകള്‍ക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ യുവതികളെ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ വ്യാജമനുഷ്യാവകാശം ഉന്നയിക്കുന്നവര്‍ എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. പ്രതിരോധമന്ത്രി യോവ് ഗാലന്റിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ രൂക്ഷമായ പ്രതികരണം.

ഗാസയില്‍ സൈനികനീക്കം തുടരുന്നതിനെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശം പരിഗണിച്ച് ആക്രമണം അവസാനിപ്പിക്കണമെന്നായിരുന്നു യു.എന്നും അന്താരാഷ്ട്രസംഘടനകളും ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് നെതന്യാഹു രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

“ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോഴും അവര്‍ക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോഴും നിങ്ങള്‍ എവിടെയായിരുന്നു. എല്ലാ ലോകനേതാക്കളും ഈ ക്രൂരതയ്‌ക്കെതിരെ സംസാരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്” – നെതന്യാഹു പറഞ്ഞു. “യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് തനിക്ക് ഒന്നേ പറയാനുള്ളൂ; ഇതിനുള്ള ഏകമാര്‍ഗം ഹമാസിനെ അടിച്ചമര്‍ത്തുക എന്നതാണ്. അതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇസ്രായലിനൊപ്പം ഉറച്ചുനില്‍ക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേല്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ബലാത്സംഗങ്ങളെയും മറ്റ് അതിക്രമങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ യു.എന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Latest News