Sunday, November 24, 2024

ലോക കാന്‍സര്‍ ദിനത്തില്‍ ‘കുന്തുരുക്കം’ വായിക്കുമ്പോള്‍

ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമാണ്. കാന്‍സര്‍ രോഗികളെ പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിനം. കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞ സ്വന്തം സഹോദരിയുടെ ഓര്‍മ്മയില്‍ എഴുതപ്പെട്ട പുസ്തകമാണ് ‘കുന്തുരുക്കം.’ കാന്‍സറിനെക്കുറിച്ചും രോഗികളുടെ മാനസികാവസ്ഥകളെക്കുറിച്ചും രോഗീശുശ്രൂഷകരെക്കുറിച്ചും സഹനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായവിധത്തില്‍ വിവരിക്കുന്ന പുസ്തകമാണിത്. ‘Frankincense’ എന്നപേരില്‍ ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും ഇപ്പോള്‍ ലഭ്യമാണ്. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഈ പുസ്തകത്തെക്കുറിച്ച് ഫാ. ജയിംസ് കൊക്കാവയലില്‍ എഴുതുന്നു.

കുന്തുരുക്കം നല്ല ഒരു പ്രതീകമാണ്. സഹനത്തിന്റെ തീച്ചൂളയില്‍ എരിയുമ്പോഴും സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും പരിമളം പരത്തുന്നവരെ സൂചിപ്പിക്കാന്‍ ഇതിലും മികച്ച പ്രതീകം ഒരുപക്ഷേ സ്വപ്നങ്ങളില്‍ മാത്രമാവും ഉണ്ടാവുക. തീയില്‍ കത്തുന്ന വിറക്, കടലാസ് മുതലായവ പെട്ടെന്ന് എരിഞ്ഞുചാമ്പലാവുന്നു. മാത്രമല്ല, പുകയും രൂക്ഷഗന്ധവും വമിപ്പിച്ചു എന്നുംവരാം. എന്നാല്‍ കുന്തുരുക്കം എരിഞ്ഞുചാമ്പലാവുകയല്ല, സാവധാനം ഉരുകിയുരുകി തീക്കനലിനോടു പറ്റിച്ചേരുകയാണ് ചെയ്യുന്നത്. മരണത്തെ മുഖാമുഖം കാണുന്ന ഒരു കാന്‍സര്‍ രോഗിയുടെ ജീവിതവും ഇതുപോലെ തന്നെയാണ്.

അപകടങ്ങളോ, ഹൃദയാഘാതമോമൂലം പെട്ടെന്ന് മരണംസംഭവിക്കുന്നവരുണ്ട്. മറ്റുചിലര്‍ രോഗികളായി അബോധാവസ്ഥയിലാവും മരണമടയുന്നത്. എന്നാല്‍ കാന്‍സര്‍രോഗികളില്‍ പലരും സുബോധത്തോടുകൂടി ചികിത്സയുടെ സഹനങ്ങളിലൂടെയും രോഗത്തിന്റെ വേദനകളിലൂടെയും കടന്നുപോയി വര്‍ഷങ്ങള്‍ മരണത്തെ അഭിമുഖീകരിക്കാന്‍ പരിശ്രമിച്ച് അതില്‍ എത്തിച്ചേരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.

ബഹുമാനപ്പെട്ട ജി. കടൂപ്പാറയില്‍ അച്ചന്‍ കുന്തുരുക്കം എന്ന ഈ പുസ്തകത്തില്‍, തന്റെ സഹോദരി സി. ജെസ്സിയുടെ കാന്‍സര്‍ രോഗവും മരണവുമായി ബന്ധപ്പെട്ട് മനുഷ്യജീവിതത്തെയും സഹനത്തെയും മരണത്തെയും പുനരുത്ഥാനത്തെയുംകുറിച്ചു നടത്തുന്ന ധ്യാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വേദനയുടെ കഠോരനിമിഷങ്ങളെ ദൈവികചിന്തകള്‍കൊണ്ടും തത്വവിചാരങ്ങള്‍കൊണ്ടും നിറയ്ക്കാന്‍ സാധിക്കുന്ന ഈ സഹോദരനും സഹോദരിയും ഒരു വിസ്മയമാണ്. സാധാരണയായി, മനുഷ്യര്‍ രോഗസൗഖ്യത്തിനായും സഹനങ്ങളില്‍ ആശ്വാസത്തിനായും പ്രാര്‍ഥിക്കുമ്പോള്‍ ഇവര്‍, അവയെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് ചിന്തിക്കുന്നതും വായനക്കാര്‍ക്ക് പറഞ്ഞുതരുന്നതും.

സുകൃതപൂര്‍ണ്ണമായ ഒരു ജീവിതത്തിനു മാത്രമേ സംതൃപ്തികരമായ ഒരു കടന്നുപോകല്‍ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവരുടെ ഹൃദയത്തില്‍ പേര് എഴുതപ്പെടുക എന്നത് നിസ്സാരകാര്യമല്ല. ആരുടെയൊക്കെയെങ്കിലും മരണത്തില്‍ നമ്മള്‍ വിതുമ്പുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു വിപ്പിംഗ് ഏഞ്ചല്‍ ആയി മാറുന്നുണ്ടെങ്കില്‍ അവരുടെ പേര് നമ്മുടെ ഹൃദയത്തില്‍ എഴുതപ്പെട്ടതുകൊണ്ടാണത്.

ദൈവത്തിങ്കലേക്കുനോക്കി തുറന്നഹൃദയത്തോടെ ജീവിക്കുക, ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെക്കുറിച്ച് അവരോടുതന്നെ നന്മകള്‍ പറയുക, ചതുരംഗക്കളിയായ ഈ ജീവിതത്തില്‍ സംഭവിക്കുന്ന തോല്‍വികളെ നിര്‍വികാരതയ്ക്കുപകരം പ്രതീക്ഷയോടെ നേരിടുക, മറ്റുള്ളവര്‍ക്കു പ്രത്യാശപകരുന്ന സംഭാഷണങ്ങളുണ്ടാവുക ഇവയൊക്കെ നമ്മുടെ ജീവിതത്തില്‍ നാം പരിശീലിക്കേണ്ട കാര്യങ്ങളാണ്.

സ്‌നേഹിക്കുന്നവരുടെ ഒപ്പം ആയിരിക്കുക എന്നത് ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളാണ്. അവയാണ് എന്നും നമ്മുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്. നമ്മുടെ രോഗീസന്ദര്‍ശനങ്ങള്‍ ഒരിക്കലും രോഗിക്ക് ഭാരമാകരുത്. അവര്‍ക്ക് പ്രത്യാശ നല്‍കുന്നവിധത്തില്‍ സംസാരിക്കാന്‍ നാം ശ്രദ്ധിക്കണം.

രോഗിലേപനം എന്ന കൂദാശ സുബോധത്തോടെ സ്വീകരിക്കുന്ന ഒരു രോഗിയുടെയും സ്വന്തക്കാര്‍ക്കും സ്‌നേഹിതര്‍ക്കുമായി ഇത് പരികര്‍മ്മം ചെയ്യുന്ന ഒരു പുരോഹിതന്റെയും മാനസികാവസ്ഥ എന്തായിരിക്കും, ആതുരശുശ്രൂഷയുടെ ചൈതന്യം എന്താണ്, എന്തുകൊണ്ട് അവരെ ബഹുമാനിക്കണം, ജീവിതം ദൈവം ഏല്പിച്ച ദൗത്യമാണ്; അത് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സംതൃപ്തിയോടെ ദൈവത്തിന്റെ പക്കലേക്കു മടങ്ങാന്‍ സാധിക്കും, നിത്യതയില്‍ നമുക്ക് പ്രതീക്ഷയുണ്ടായിരിക്കണം, മരണം സ്വര്‍ഗയാത്രയാണെന്ന ബോധ്യം നമ്മില്‍ പ്രത്യാശ പകരും, സഹനത്തിന്റെ മൂല്യത്തെ നാം സാംശ്വീകരിക്കണം. കാരണം സഹനം നമ്മെ ആത്മീയതയിലേക്കും ദൈവത്തിലേക്കും നയിക്കുന്നു.

മരണമടഞ്ഞവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിര്‍മ്മലമാണ്; അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക എന്നതാണ് നമുക്കു ചെയ്യാന്‍സാധിക്കുന്ന ഏറ്റവും വലിയ കാര്യം. നമ്മളും മരണമടഞ്ഞവരും ഒരുമയിലാണ്, അവര്‍ ദൈവത്തോടൊപ്പം നിത്യതയില്‍ നമുക്കായി കാത്തിരിക്കുന്നു. ഇങ്ങനെ മനുഷ്യജീവിതത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ധാരാളം ചിന്തകള്‍ 19 അധ്യായങ്ങളിലായി ഈ പുസ്തകം പങ്കുവച്ചുതരുന്നു.

മരണത്തെക്കുറിച്ച് ഇപ്രകാരമുള്ള ആഴമേറിയ ഒരു ക്രിസ്തീയധ്യാനം മലയാളസാഹിത്യത്തില്‍ വളരെ കുറവായിരിക്കും. പക്ഷേ, ജീവിതത്തിലെ നിരാശകളെ അതിജീവിക്കുന്നതിനും ബലഹീനതകളെ പരിഹരിക്കുന്നതിനും നിത്യയെക്കുറിച്ചുള്ള ധ്യാനം കൂടിയേതീരൂ. സഹനത്തെയും രോഗത്തെയും മരണത്തെയും എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെപ്പറ്റി താത്വികവിശകലനം നടത്തുന്നതിനേക്കാളുപരി സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വിവരിക്കുമ്പോള്‍ അത് ഹൃദയസ്പര്‍ശിയായിത്തീരുന്നു.

ഒറ്റയിരിപ്പിനു വായിച്ചുപോകുന്ന മനോഹരമായ ആഖ്യാനശൈലി ഈ പുസ്തകം പുലര്‍ത്തിയിരിക്കുന്നു. ലിമ്പ് എഡിഷനില്‍ ക്വാളിറ്റി പേപ്പറില്‍ അക്ഷരത്തെറ്റുകളില്ലാതെ മനോഹരമായാണ് ഇതിന്റെ പ്രിന്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

കോട്ടയം ലൈഫ് ഡേ ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന 168 പേജുകളുള്ള ഈ പുസ്തകം 150 രൂപ വിലയില്‍ ഓണ്‍ലൈനില്‍ www.lifeday.in എന്ന വിലാസത്തില്‍ ലഭ്യമാണ്. വായനക്കാരുടെ ആത്മീയജീവിതത്തിന് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടു തന്നെയാണ്.

കോപ്പികള്‍ക്കായി : +91 8078805649

ഫാ. ജയിംസ് കൊക്കാവയലില്‍

 

Latest News