Sunday, November 24, 2024

തൂമഞ്ഞു തോല്‍ക്കും മനോഹാരിതയുമായി വൈറ്റ് ഹാവന്‍ ബീച്ച്

ലോകത്തില്‍ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബീച്ചുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയയിലെ വിറ്റ്‌സണ്ടെ ദ്വീപിനടുത്തായി 7 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന വൈറ്റ്ഹേവന്‍ ബീച്ച്. 1879 ല്‍ സ്റ്റാഫ് കമാന്‍ഡര്‍ ഇപി ബെഡ്വെല്‍ ആണ് ഈ ബീച്ച് കണ്ടെത്തി പേര് നല്‍കിയത്.

തൂമഞ്ഞു പോലുള്ള ബീച്ച്

തൂവെള്ള നിറമുള്ള മണല്‍ത്തരികളാണ് വൈറ്റഹാവന്‍ ബീച്ചിന്റെ പ്രത്യേകത. 98 ശതമാനം ശുദ്ധമായ സിലിക്ക അടങ്ങിയതിനാലാണ് ഇവിടുത്തെ മണല്‍ത്തരികള്‍ക്ക് ഇത്രയും ശോഭയുണ്ടാകുന്നത്. ഈ പ്രദേശത്തെ പാറകളില്‍ സിലിക്ക അടങ്ങിയിട്ടില്ല. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി, കടലിലൂടെ ഒഴുകിയെത്തിയ മണല്‍ത്തരികളാണ് ഈ കടല്‍ത്തീരത്ത് ഇന്നുള്ളത് എന്നാണ് കരുതപ്പെടുന്നത്. സാധാരണ മണലില്‍ നിന്നു വ്യത്യസ്തമായി, ഇവ ചൂടിനെ ആഗിരണം ചെയ്യുന്നുമില്ല. അതിനാല്‍ കൊടും വേനലില്‍ പോലും ബീച്ചിലൂടെ നടന്നാല്‍ കാല്‍ പൊള്ളില്ല. ആഭരണങ്ങള്‍ പോളിഷ് ചെയ്യാനും ഈ മണല്‍ ഉപയോഗിക്കുന്നു.

ജനവാസമില്ലാത്ത ദ്വീപ്

വൈറ്റ്ഹാവന്‍ ബീച്ച് വിറ്റ്സണ്‍ഡേ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ വിറ്റസണ്‍ഡേ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. അത് പൂര്‍ണ്ണമായും ജനവാസമില്ലാത്തതാണ്. വിറ്റ്സണ്‍ഡേ ദ്വീപില്‍ ക്യാമ്പ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വൈറ്റ്ഹാവന്‍ ബീച്ചില്‍ ക്യാമ്പ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.

നായ്ക്കള്‍ക്ക് പ്രവേശനമില്ല

വൈറ്റ്ഹാവന്‍ കടല്‍ത്തീരത്ത് നായ്ക്കള്‍ക്ക് പ്രവേശനമില്ല. മാത്രമല്ല, സിഗരറ്റ് വലിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ടൂറിസം

പ്രകൃതിയെ അതിന്റെ എല്ലാ ആഢംബരത്തോടും കൂടെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. ഏഴ് കിലോമീറ്റര്‍ നീളത്തില്‍ വെള്ളമണല്‍ നിറഞ്ഞു കിടക്കുന്ന ഈ ബീച്ച് സ്വര്‍ഗ്ഗത്തിന്റെ ഒരു ചെറിയ പതിപ്പായി മാത്രമേ നമുക്ക് തോന്നു. കാരണം അത്രയധികം മനോഹരമാണ് ഇതിന്റെ കാഴ്ചകള്‍. വേലിയിറക്ക സമയമാണ് ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയം. ഹാമില്‍ട്ടണ്‍ ദ്വീപില്‍ നിന്നും ബോട്ട് വഴിയും ഷട്ട് ഹാര്‍ബര്‍, എയര്‍ലി ബീച്ച് തുറമുഖങ്ങള്‍ വഴിയും ബീച്ചില്‍ എത്തിച്ചേരാം. 24 മണിക്കൂറും പൊതുജനങ്ങള്‍ക്കും സഞ്ചാരികള്‍ക്കുമായി തുറന്നു കൊടുത്തിരിക്കുന്ന ഇടം എന്നതാണ് വൈറ്റ്ഹേവന്‍ ബീച്ചുകളുടെ മറ്റൊരു പ്രത്യേകത. സ്നോര്‍ക്കലിംഗിനും ഡൈവിംഗിനും ഇവിടെ സൗകര്യമുണ്ട്.

അംഗീകാരങ്ങള്‍

2008 ല്‍ ‘കീപ്പ് ഓസ്ട്രേലിയ ബ്യൂട്ടിഫുളിന്റെ’ ബീച്ച് ചലഞ്ച് സ്റ്റേറ്റ് വിഭാഗത്തില്‍ ‘ക്വീന്‍സ്ലാന്റിലെ ഏറ്റവും വൃത്തിയുള്ള ബീച്ച്’ എന്ന ബഹുമതി വൈറ്റ്ഹേവന്‍ ബീച്ചിന് ലഭിച്ചു. 2010 ജൂലൈയില്‍ സിഎന്‍എന്‍ ഡോട്ട് കോം വൈറ്റ്ഹേവന്‍ ബീച്ചിനെ ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ ഫ്രണ്ട്ലി ബീച്ചായും തിരഞ്ഞെടുത്തു.

 

Latest News