Sunday, November 24, 2024

ഗാസയില്‍നിന്നും 300 അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ്

ഹമാസിനെതിരായ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസാമുനമ്പിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചതായി അമേരിക്ക. ഏകദേശം 300 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതായി ഞായറാഴ്ചയാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്. വൈറ്റ്ഹൗസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ ഫിനാർ സി.ബി.എസ് ന്യൂസിനോടാണ് ഇക്കാര്യം അറിയിച്ചത്.

“യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുമടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും ഗാസാമുനമ്പില്‍നിന്നും സുരക്ഷിതമായി ഒഴിപ്പിക്കും” – ജോനാഥൻ ഫിനാർ പറഞ്ഞു. ഒഴിപ്പിക്കല്‍ശ്രമങ്ങള്‍ തുടരുമ്പോഴും ഗാസയ്ക്കുള്ളിൽ ഇപ്പോഴും നിരവധി അമേരിക്കക്കാർ ഉണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധൻ, വ്യാഴം ദിവസങ്ങളിൽ 80 -ഓളം യു.എസ് പൗരന്മാരും അവരുടെ കുടുംബാംഗങ്ങളും വിട്ടുപോയതായി അറിയിച്ചതിനുപിന്നാലെയാണ് ഞായറാഴ്ചത്തെ ഒഴിപ്പിക്കപ്പെട്ട അമേരിക്കക്കാരുടെ ഏറ്റവും പുതിയ കണക്ക് വൈറ്റ്ഹൗസ് പുറത്തുവിട്ടത്.

അതിനിടെ 7,000 വിദേശികളെ റാഫ അതിര്‍ത്തിയിലൂടെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കി. എന്നാൽ പരിക്കേറ്റ പലസ്തീനികളെ, റഫയിലെത്താൻ ഇസ്രായേൽ അനുവദിക്കുന്നതുവരെ റാഫ അതിര്‍ത്തിയിലൂടെ വിദേശികളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തടയുമെന്ന് ഹമാസ് പറഞ്ഞു.

Latest News