Sunday, November 24, 2024

ഗർഭസ്ഥശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?

26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതിതേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജി, ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം, “ഗർഭസ്ഥശിശുവിനുവേണ്ടി വാദിക്കാൻ ആരുണ്ട്?” എന്നതായിരുന്നു.

ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീം കോടതി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് കൈമാറുകയുമായിരുന്നു. ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞാൽ ആരോഗ്യമുള്ള ഒരു ശിശുവായി പുറത്തെടുക്കാമെന്നിരിക്കെ ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞിനെ നശിപ്പിക്കാനുള്ള തീരുമാനത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. സ്ത്രീക്കുണ്ടായിരുന്ന വിഷാദരോഗവും മൂന്നുകുട്ടികളെ വളർത്താനുള്ള കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുമാണ് അബോർഷനുള്ള കാരണങ്ങളായി കോടതിക്കുമുന്നിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, ഗർഭസ്ഥശിശുവിന്റെ അവകാശത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.

ഡൽഹി എ.ഐ.ഐ.എം.എസിലെ വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ, അബോർഷൻ തടയണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ഗർഭകാലം സുരക്ഷിതമായി പൂർത്തിയാക്കിയശേഷം കുട്ടിയുടെ സംരക്ഷണചുമതല സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ കുട്ടിയെ പുറത്തെടുത്ത് ജീവൻ സംരക്ഷിക്കാൻ ശ്രമിക്കാമെന്ന വാദത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ആവശ്യമായ ഗർഭകാലം പൂർത്തിയാകാതെ പുറത്തെടുക്കുന്നപക്ഷം കുട്ടിക്ക് വൈകല്യങ്ങളുണ്ടായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഗർഭിണിയുടെ ജീവനു ഭീഷണിയോ, ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് തകരാറോ ഉള്ള പക്ഷമാണ് ഈ ഘട്ടത്തിൽ ഭ്രൂണഹത്യയ്ക്ക് അനുമതി നൽകാനാവുന്നത്. എന്നാൽ, ഇവിടെ കുട്ടി തൃപ്തികരമായ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കൽ റിപ്പോർട്ടാണ്  ഉണ്ടായിരുന്നത്. തുടർന്ന് ഭ്രൂണഹത്യയ്ക്കുള്ള അനുമതി നിഷേധിച്ച സുപ്രീം കോടതി, കുട്ടിയെ വളർത്താനാകുന്നില്ലെങ്കിൽ ദത്ത് നൽകാനുള്ള അവകാശം യുവതിക്കുണ്ടെന്നും അറിയിച്ചു.

ഈ കേസിൽ സുപ്രീം കോടതിയുടെ വിധിയും കേന്ദ്രസർക്കാരിന്റെ നിലപാടും ആശ്വാസപ്രദമാണ്. ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ തയ്യാറായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എന്നിവർ അഭിനന്ദനമർഹിക്കുന്നു. ഈ വിഷയത്തിൽ ഒക്ടോബർ 14 -ലെ ദീപികയിലെ എഡിറ്റോറിയലിൽ, പ്രോലൈഫ് മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്നവർക്കെല്ലാം ഊർജ്ജം പകരുന്നതായിരുന്നു. ഗർഭസ്ഥശിശുവിന്റെ അവകാശങ്ങളും ഗർഭസ്ഥശിശുവിനുവേണ്ടി വാദിക്കാൻ ആരെങ്കിലും ഉണ്ടാവേണ്ടതുണ്ട് എന്ന ചിന്തയും കൂടുതൽ ആഴമായ വിചിന്തനങ്ങൾ അർഹിക്കുന്നു.

ലോകമെമ്പാടും ഓരോ വർഷവും 5.6 കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 1.6 കോടി ഗർഭച്ഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നതായാണ് കണക്കുകൾ. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽവച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശാരീരികവൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരേസമയം കുഞ്ഞിന്റെ മരണത്തിനും ശാരീരികവും മാനസികവുമായി അമ്മയുടെ വൈകല്യത്തിനും കാരണമാകുന്നവയാണ് അബോർഷന്റെ നടപടിക്രമങ്ങൾ. അബോർഷനെ തുടർന്ന് മാനസികമായ പ്രശ്നങ്ങളിലേക്കു പതിക്കുന്ന സ്ത്രീകളുടെ എണ്ണവും വളരെയേറെയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ നടക്കുന്ന ഗർഭച്ഛിദ്രത്തെക്കാൾ ഒരുപാട് മടങ്ങ് അധികമാണ് മറ്റുകാരണങ്ങളാൽ നടക്കുന്നവ. നിയമം അനുവദിക്കുന്നുവെങ്കിലും, അതീവ രഹസ്യസ്വഭാവത്തോടെയാണ് അബോർഷനുകളിൽ ഏറിയപങ്കും നടക്കുന്നത് എന്നുള്ളത് മറ്റൊരു യാഥാർഥ്യമാണ്. അതിനാൽത്തന്നെ കൃത്യമായ കണക്കുകൾ ലഭിക്കുക എളുപ്പമല്ല.

അപ്രതീക്ഷിത ഗർഭധാരണങ്ങൾ, അവിവാഹിതരിൽ നടക്കുന്ന ഗർഭധാരണങ്ങൾ തുടങ്ങിയവയാണ് ഏറെയും ഭ്രൂണഹത്യയിലേക്കു നയിക്കുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർഥിനികൾക്കിടയിൽ വർധിച്ചുവരുന്ന ഗർഭധാരണത്തിന്റെയും ഗർഭച്ഛിദ്രത്തിന്റെയും കണക്കുകൾ നടുക്കമുളവാക്കുന്നവയാണ്. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളുടെയും നിയമത്തിന്റെയും ദുരുപയോഗം ലക്ഷക്കണക്കിന് ഗർഭസ്ഥശിശുക്കൾ കൊല്ലപ്പെടാൻ കാരണമാകുന്ന അവസ്ഥ അത്യന്തം ദയനീയമാണ്. നിയമം നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടാതിരിക്കാനും ഉത്തരവാദിത്തരഹിതമായ ജീവിതത്തിന് വളമാകാതിരിക്കാനും സർക്കാരും കോടതികളും ശ്രദ്ധപുലർത്തേണ്ടിയിരിക്കുന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമ (MTP Act 1971) ത്തിന്റെ 2021 -ലെ അമൻഡ്മെന്റ് പ്രകാരം, ഗർഭം അലസിപ്പിക്കാനുള്ള സമയപരിധി 20 ആഴ്ചയിൽനിന്നും 24 ആഴ്ചയായി ഉയർത്തിയിരുന്നു. നിയമപ്രകാരം അവിവാഹിതകൾക്ക് ആ സമയപരിധി 20 ആഴ്ചയുമാണ്. എന്നാൽ, പിന്നീടുണ്ടായ ചില കോടതി ഇടപെടലുകൾ നിരാശാജനകമായിരുന്നു. പ്രത്യേക സാഹചര്യങ്ങളും അവകാശവാദങ്ങളും പരിഗണിച്ചുകൊണ്ട് 29 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻപോലുമുള്ള കോടതി അനുമതികൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പ്രായപൂർത്തിയാകാതെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ ഏഴുമാസം പ്രായമായ ഗർഭസ്ഥശിശുവിനെ അബോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി വിധി ഉണ്ടായത് ഈ വർഷം മെയ് മാസത്തിലാണ്. കഴിഞ്ഞ വർഷം നവംബറിൽ 23 വയസുള്ള അവിവാഹിതയുടെ 24 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് കേരള കോടതി അഭിപ്രായപ്പെട്ടത്, അത് അവളുടെ സ്വാതന്ത്ര്യമാണ് എന്നാണ്.

2021 മുതൽ, 20 ആഴ്ചയിൽ താഴെയുള്ള ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടർ മാത്രം തീരുമാനിച്ചാൽ മതി. അത്തരത്തിൽ രഹസ്യസ്വഭാവത്തോടെ നടക്കുന്ന അബോർഷനുകളുടെ കൃത്യമായ എണ്ണംപോലും ലഭിക്കുക എളുപ്പമല്ല. ആയിരക്കണക്കിന് കുഞ്ഞുജീവനുകൾ പ്രതിദിനം നശിപ്പിക്കപ്പെടുന്നുണ്ടെന്ന് നിശ്ചയം. പ്രസവത്തോടടുക്കുന്ന ദിവസങ്ങളിൽപോലും കോടതി ഇടപെടലുകൾവഴി ഗർഭസ്ഥശിശുക്കൾ കൊല്ലപ്പെടുന്നത് അത്യന്തം വേദനാജനകമാണ്. അത്തരം കോടതിവിധികൾ അപൂർവമല്ല എന്ന ഇന്നത്തെ സാഹചര്യത്തിൽ, സുപ്രീം കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും ഇടപെടലുകൾ തെല്ല് ആശ്വാസം പകരുന്നതാണ്. ഇത്തരം ഘട്ടങ്ങളിൽ ഏതാനും ആഴ്ചകൾകൂടി കാത്തിരുന്ന് ആരോഗ്യവാനായ കുഞ്ഞിന് ജന്മംനൽകാനുള്ള നല്ല തീരുമാനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കപ്പെടുന്നതിനൊപ്പം, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കോടതിക്കും സർക്കാരുകൾക്കും കഴിയേണ്ടതുണ്ട്.

ഭരണഘടനപരമായിത്തന്നെ ജീവനും മൗലികാവകാശങ്ങൾക്കും വലിയ മൂല്യം കല്പിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇവിടെ ഗർഭസ്ഥശിശുക്കളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താൻ ഭരണകൂടങ്ങളും മനുഷ്യവകാശപ്രവർത്തകരും തയ്യാറാകണം. ഈ വിഷയത്തിൽ സ്ത്രീയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശം എന്ന വാദഗതിക്കപ്പുറം ഗർഭസ്ഥശിശുക്കളുടെ ജീവിക്കാനുള്ള അവകാശംകൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. മനുഷ്യജീവന് വിലകല്പിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന ഈ ലോകത്തിൽ ഇക്കാര്യത്തിൽ മാതൃകയാകാൻ ഇന്ത്യയ്ക്കു കഴിയണം. നിസ്സാര ന്യായീകരണങ്ങളോടെ ഗർഭസ്ഥശിശുക്കൾ വ്യാപകമായി കൊല്ലപ്പെടുന്ന പ്രവണതയ്ക്ക് മാറ്റംവരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്കൊണ്ട് മരണവക്ത്രത്തിൽ അകപ്പെട്ടേക്കാവുന്ന ഗർഭസ്ഥശിശുക്കളെ ഏതുവിധേനയും സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.

ഗർഭഛിദ്രം ആവശ്യമെന്ന് ചിന്തിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ എത്തിച്ചേരുന്നപക്ഷം സുരക്ഷിതമായും ആരോഗ്യകരമായും ഗർഭകാലത്തെ അതിജീവിക്കാനുള്ള സാഹചര്യമൊരുക്കി നൽകേണ്ടതുണ്ട്. ഈ മേഖലയിൽ സജീവമായ ഒട്ടേറെ ക്രൈസ്തവസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുകയും ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുംവേണം. ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവനെ മുഖ്യമായി പരിഗണിച്ചുകൊണ്ടുള്ള ഒരു ജീവിതക്രമം വളർത്തിയെടുക്കാൻ കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളും സംഘടനകളും പ്രവർത്തനസജ്ജമാകണം. ഈ സർക്കാർ, ഗർഭസ്ഥശിശുക്കളുടെയും കൂടി സർക്കാരാണെന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം ഭരണാധികാരികൾ പ്രകടിപ്പിക്കട്ടെ. “ഗർഭസ്ഥശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?” എന്ന സുപ്രീം കോടതിയുടെ ആശങ്ക മനുഷ്യാവകാശപ്രവർത്തകരുടെയും മനുഷ്യസ്നേഹികളുടെയും മനസ്സിൽ എക്കാലവും മുഴങ്ങിനിൽക്കട്ടെ.

ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ, സെക്രട്ടറി, കെ.സി.ബി.സി ഫാമിലി കമ്മീഷൻ

Latest News