Monday, November 25, 2024

കോവിഡ് വ്യാപനത്തിന്റെ അവസാനം വിദൂരമല്ല; ഫിനീഷിംഗ് ലൈനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

മൂന്ന് വര്‍ഷമായി ലോകജനതയുടെ ജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തണ്‍ ഓട്ടത്തിന്റെ ഫിനീഷിംഗ് ലൈനിലേക്ക് ലോകരാജ്യങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ആഗോളതലത്തില്‍ ഇതുപോലെ മെച്ചപ്പെട്ട സ്ഥിതിയുണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചായിരുന്നു ടെഡ്രോസ് അഥനോമിന്റെ വാക്കുകള്‍. മഹാമാരി ദുരിതം വിതച്ച ഏറ്റവും മോശം സമയം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 11 ന് അവസാനിച്ച ആഴ്ചയിലെ കണക്ക് അനുസരിച്ച് പുതിയ കേസുകള്‍ 28 ശതമാനത്തിലേക്ക് കുറഞ്ഞതായി ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ ആഴ്ചത്തേക്കാള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍
12 ശതമാനം കുറവാണ് ഉളളത്.

എന്നാല്‍ ഈ കണക്കുകളെ നിസ്സാര വല്‍ക്കരിച്ച് കാണരുതെന്നും പല രാജ്യങ്ങളും പരിശോധനകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. 2020 ലും 2021 ലുമായി 17 മില്യന്‍ ആളുകളെങ്കിലും കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ഡബ്ല്യുഎച്ച്ഒയുടെ പഠനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2020 മാര്‍ച്ചിലാണ് കോവിഡിനെ ആഗോള മഹാമാരിയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആറിന മാര്‍ഗനിര്‍ദ്ദേശങ്ങളും ടെഡ്രോസ് അഥനോം നിര്‍ദ്ദേശിച്ചു. 100 ശതമാനം വാക്സിനേഷന്‍ ഉറപ്പാക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനമായി മുന്നോട്ടുവെച്ചിരിക്കുന്നത്.

 

 

 

Latest News