ഗാസയിലെ പോളിയോ വ്യാപനം അതീവ ഗുരുതരവസ്ഥയിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഗാസയിലെ വെള്ളത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പരാമര്‍ശം. ഈ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പലസ്തീന്‍ മേഖല ആരോഗ്യ വിഭാഗം തലവന്‍ അയാദില്‍ സാപര്‍ബെകോവ് പറഞ്ഞു.
ഗാസയിലെ ജനങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും സാപര്‍ബെകോവ് കൂട്ടിച്ചേര്‍ത്തു. ഗാസാ മുനമ്പിലെ 6 ഇടങ്ങളില്‍നിന്ന് ശേഖരിച്ച വെള്ളത്തില്‍ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്ലോബല്‍ പോളിയോ ലബോറട്ടറി നെറ്റ്വര്‍ക്ക് കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ഗാസയില്‍ കഴിഞ്ഞവര്‍ഷം ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നു പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പോളിയോ ഭീഷണിയും. തകര്‍ന്ന ആരോഗ്യസംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങള്‍ക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും സാപര്‍ബെകോവ് മുന്നറിയിപ്പ് നല്‍കുന്നു.