അമേരിക്കൻ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റപ്പോൾ പ്രഥമ വനിതയായ മെലാനിയാ ട്രംപിനൊപ്പം ലോകശ്രദ്ധയാകർഷിച്ച മറ്റൊരു വനിതയുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിന്റെ ഭാര്യയും രാജ്യത്തിന്റെ രണ്ടാമത്തെ വനിതയുമായ ഉഷാ വാൻസ്. അമേരിക്കയെ സംബന്ധിച്ച് ഉഷാ വാൻസ് രാജ്യത്തിന്റെ ദ്വിതീയ വനിതയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ച് അമേരിക്കയുടെ ദ്വിതീയ വനിതയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ്.
ജെ. ഡി. വാൻസിന്റെ 2016 ലെ ഓർമക്കുറിപ്പായ ‘ഹിൽബില്ലി എലിജി’യിൽ, മുൻ ഒഹായോ സെനറ്റർ തന്റെ ഭാര്യയെ തന്റെ ‘സ്പിരിറ്റ് ഗൈഡ്’ എന്നാണ് വിശേഷിപ്പിച്ചത് എന്ന് എഴുതിയിരിക്കുന്നു.
ആരാണ് ഉഷ വാൻസ്?
38 കാരിയായ ഉഷ ചിലുകുരി ഹിന്ദു ഇന്ത്യൻ കുടിയേറ്റ കുടുംബത്തിലാണ് സാൻ ഡിയാഗോയിൽ ജനിച്ചുവളർന്നത്. ഇവരുടെ മാതാപിതാക്കൾ അധ്യാപകരാണ്. പിതാവ് സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറും ലക്ചററുമാണ്. അമ്മ ലക്ഷ്മി ചിലുകുരി സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ പ്രൊവോസ്റ്റാണ്. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, അവളുടെ ഇളയ സഹോദരി സാൻ ഡീഗോ ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്.
ഉഷ വാൻസ് തന്റെ ഭർത്താവിനൊപ്പം പ്രചാരണപാതയിൽ എത്തുന്നതിനുമുമ്പ് കോർപ്പറേറ്റ്, പ്രൊഫഷണൽ ബാധ്യത, തൊഴിൽ, സാമ്പത്തിക പുനഃക്രമീകരണം, നികുതി, എക്സിക്യൂട്ടീവ് നഷ്ടപരിഹാരം എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു നിയമസ്ഥാപനമായ മുൻഗർ, ടോൾസ് & ഓൾസൺ എന്നിവിടങ്ങളിൽ അഡ്വക്കേറ്റ് ആയി ജോലിചെയ്തിരുന്നു. ജെ. ഡി. വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിത്വം നേടിയപ്പോൾ അവർ ജോലി ഉപേക്ഷിച്ചു.
ഉഷയും ജെ. ഡി. വാൻസും
യേൽ ലോ സ്കൂളിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ പരിചയപ്പെടുന്നത്. ഇരുവരും മികച്ച വിദ്യാർഥികളായിരുന്നു. അസൈൻമെന്റിന്റെ പങ്കാളികളായി അവർ ഇരുവരും നിയോഗിക്കപ്പെട്ടു.
“അവൾ ഒരുതരം ജനിതക അപാകതയായി തോന്നി. ഒരു മനുഷ്യനുണ്ടായിരിക്കേണ്ട എല്ലാ പോസിറ്റീവ് ഗുണങ്ങളുടെയും സംയോജനമാണ് അവൾ. ശോഭയുള്ള, കഠിനാധ്വാനിയായ, ഉയരവും സൗന്ദര്യവും ഉള്ളവൾ” – ജെ. ഡി. വാൻസ് തന്റെ ഓർമക്കുറിപ്പിൽ ഉഷയെകുറിച്ച് എഴുതിയത് ഇപ്രകരമായിരുന്നു.
ലോ സ്കൂളിൽ ചേരുന്നതിനുമുമ്പ് ഉഷ വാൻസ് യേൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തരബിരുദം നേടി. പിന്നീട് ഗേറ്റ്സ് കേംബ്രിഡ്ജ് സ്കോളർഷിപ്പ് ലഭിച്ചതിനുശേഷം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ഫിലോസഫി പൂർത്തിയാക്കി.
2013 ൽ ലോ സ്കൂളിൽനിന്ന് ബിരുദം നേടിയശേഷം യു. എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്ട്സ് ജൂനിയർ, ജസ്റ്റിസ് ബ്രെറ്റ് എം. കവനോവ് അപ്പീൽ കോടതി ജഡ്ജിയായിരിക്കുമ്പോൾ എന്നിവരുൾപ്പെടെയുള്ള ജഡ്ജിമാരുടെ ക്ലർക്കായി ജോലിചെയ്തു.
ഒരു വർഷത്തിനുശേഷം ഇവർ വിവാഹിതരായി. ഇവാൻ ബ്ലെയ്ൻ, മിറാബെൽ റോസ്, വിവേക് എന്നിരാണ് മക്കൾ.
“എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്. അതാണ് അവരെ നല്ല മാതാപിതാക്കളാക്കി മാറ്റിയതും; അവരെ വളരെ നല്ല ആളുകളാക്കിയതും ആ വിശ്വാസമാണ്. അതിന്റെ ശക്തി എന്റെ സ്വന്തം ജീവിതത്തിലുമുണ്ട്” – തന്റെ വിശ്വാസത്തെക്കുറിച്ച് അവർ ഫോക്സ് ന്യൂസിനോടു പറഞ്ഞു.
വൈസ് പ്രസിഡന്റുമാരും അവരുടെ കുടുംബങ്ങളും 1977 മുതൽ വൈറ്റ് ഹൗസിൽനിന്ന് ഏതാനും മൈലുകൾ അകലെ നമ്പർ വൺ ഒബ്സർവേറ്ററി സർക്കിളിൽ സ്ഥിതിചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ വെളുത്ത ഒരു വീട്ടിലാണ് താമസിക്കുന്നത്. കൂടാതെ, വൈസ് പ്രസിഡന്റുമാരായ ബുഷ്, ക്വയിൽ, ഗോർ എന്നിവരുടെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം കൂടിയാണിത്.