Sunday, April 20, 2025

യുക്രെയ്ന്‍ യുദ്ധം: ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ ആശുപത്രികള്‍, ആതുരസേവകര്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് നേരെ 70-ലധികം വ്യത്യസ്ത ആക്രമണങ്ങള്‍ ഇതിനോടകം ഉണ്ടായിട്ടുണ്ടെന്നും പ്രതിദിനമെന്നവണ്ണം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. മുന്നറിയിപ്പുകള്‍ പോലുമില്ലാതെയാണ് പലപ്പോഴും ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നതും വെല്ലുവിളിയാകുന്നു. ഈ പ്രതിസന്ധി യുക്രെയ്‌നിലെ ആരോഗ്യ സംവിധാനത്തെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്. ആരോഗ്യ സൗകര്യങ്ങള്‍ നശിപ്പിക്കുന്നത്, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധമാണെന്ന് സംഘടന മുന്നറിയിപ്പും നല്‍കുന്നു.

ആധുനിക യുദ്ധ തന്ത്രങ്ങളുടെ ഭാഗമായി രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതാകാമെന്നാണ് സംശയിക്കുന്നത്. ഖാര്‍കിവിന് തെക്ക് ഇസിയുമിലെ പുതുതായി നവീകരിച്ച സെന്‍ട്രല്‍ ആശുപത്രിയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് ആക്രമണത്തിന് ഇരയായത്. റഷ്യന്‍ ഷെല്ലുകള്‍ പുതിയ കെട്ടിടത്തിനു നേരെ പതിക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചതായും ആശുപത്രിയിലെ റിസപ്ഷന്‍ ഏരിയ പൂര്‍ണമായും തകര്‍ന്നതായും കാണിക്കുന്ന വീഡിയോ നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു.

”ആദ്യത്തെ ബോംബാക്രമണത്തിന് ശേഷം ആശുപത്രിയുടെ ജനാലകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു”. ഡെപ്യൂട്ടി മേയര്‍ വോലോഡൈമര്‍ മാറ്റ്സോകിന്‍ ബിബിസിയോട് പറഞ്ഞു. രണ്ടാമത്തെ ആക്രമണത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകള്‍ തകര്‍ത്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആധുനിക ഉപകരണങ്ങളോടൊപ്പം നല്ല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് പണം നിക്ഷേപിച്ചാണ് ആശുപത്രി നിര്‍മിച്ചത്’. മിസ്റ്റര്‍ മാറ്റ്‌സോകിന്‍ പറഞ്ഞു.

യുക്രേനിയന്‍ അധികൃതര്‍ പറയുന്നതനുസരിച്ച്, അന്ന് ആശുപത്രി ജീവനക്കാര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മൂന്ന് നവജാത ശിശുക്കള്‍ എന്നിവരെയാണ് അവിടെ ചികിത്സിച്ചുകൊണ്ടിരുന്നത്. ആക്രമണസമയത്ത് അവര്‍ ബേസ്‌മെന്റില്‍ അഭയം പ്രാപിച്ചിരുന്നതിനാല്‍ ആരും കൊല്ലപ്പെട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടിയാണ് രോഗികള്‍ പിന്നീട് രക്ഷപെട്ടത്.

ഫെബ്രുവരി 24 മുതല്‍, യുക്രെയ്‌നിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ 72 വ്യത്യസ്ത ആക്രമണങ്ങളില്‍ കുറഞ്ഞത് 71 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവര്‍ വേറെയും. ആശുപത്രികള്‍ക്ക് പുറമേ മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ടുകള്‍, സപ്ലൈ സ്റ്റോറുകള്‍ എന്നിവയ്ക്കും റഷ്യന്‍ ആക്രമണം കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും തട്ടിക്കൊണ്ടുപോകാനും തടങ്കലില്‍ വയ്ക്കാനും സാധ്യതയുള്ളതായും WHO മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ജനീവ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ രാജ്യങ്ങള്‍ക്ക് ബാധകമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വിപുലീകരിച്ച കണ്‍വെന്‍ഷനുകള്‍ സാധാരണക്കാരുടെയും സൈനികരുടെയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയും മുറിവേറ്റവര്‍ക്കും രോഗികള്‍ക്കും സംരക്ഷണം ഉറപ്പു നല്‍കുകയും ചെയ്യുന്നു. 1954-ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍ അത് അംഗീകരിച്ചതുമാണ്.

കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം, യുദ്ധ സമയത്ത് സിവിലിയന്‍ ആശുപത്രികള്‍ ഒരു സാഹചര്യത്തിലും ആക്രമണത്തിന് വിധേയമാക്കാന്‍ പാടില്ലാത്തതാണ്. പകരം അത്തരം കേന്ദ്രങ്ങള്‍ ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ആ നിയമത്തിന്റെ ലംഘനം ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അന്വേഷിക്കേണ്ടത്. യുദ്ധക്കുറ്റമാണെന്ന് കണ്ടെത്തിയാല്‍, വ്യക്തിഗത കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും കോടതിയിക്ക് കഴിയും.

ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രൊഫസര്‍ നെവ് ഗോര്‍ഡന്റെ അഭിപ്രായത്തില്‍ ആശുപത്രികളും മെഡിക്കല്‍ യൂണിറ്റുകളും ശത്രുവിന്റെ പ്രധാന ഉന്നമായി മാറിയ ഒരു സാഹചര്യമാണ് ഇന്ന് നമുക്കുള്ളത്. ജനീവ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ കണക്കിലെടുക്കാതെ, ആധുനിക യുദ്ധത്തിന്റെ വിപുലമായ തന്ത്രങ്ങളുടെ ഭാഗമായി മെഡിക്കല്‍ സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ആശങ്കപ്പെടുന്നു.

 

 

Latest News