Wednesday, January 22, 2025

വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ഈ രോഗവ്യാപനത്തെ ഹെല്‍ത്ത് എമര്‍ജന്‍സായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടക്കവെയാണ് പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കുന്നത്.

ഉടന്‍ തന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം പറഞ്ഞു. മങ്കി പോക്‌സ് എന്ന പേരിനെതിരെ ആഫ്രിക്കയിലെ 30 ഓളം വരുന്ന ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നതോടെയാണ് പേരു മാറ്റാന്‍ തീരുമാനിച്ചത്.

രോഗത്തിന്റെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആഫ്രിക്കയില്‍ നിന്നുള്ള രോഗികളുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നതാണ് ഈ ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടിയത്. മധ്യ ആഫ്രിക്കന്‍ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ലോകാരോഗ്യ സംഘടന കുരങ്ങു പനിയുടെ വൈറസിനെ തരം തിരിച്ചിരിക്കുന്നത്.

ഇതും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷവും വിവേചന രഹിതവും കളങ്കപ്പെടുത്താത്തുമായ ഒരു നാമകരണം ആഗോള ആരോഗ്യ സമൂഹത്തിന് കൂടുതല്‍ അനുയോജ്യമാവുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

 

Latest News