കോവിഡിന്റെ കാര്യത്തില്‍ ആശ്വസിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ നല്‍കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആഗോളതലത്തില്‍ ടെസ്റ്റ് നിരക്ക് പാടെ കുറഞ്ഞപ്പോഴും രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ സൂചിപ്പിക്കുന്നു. അതീവ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദവും ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദവുമാണ് കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം പൊതുസാമൂഹിക-ആരോഗ്യ ജാഗ്രതാ മുന്‍കരുതലുകളില്‍ ഇളവ് പ്രഖ്യാപിച്ചതും മറ്റൊരു കാരണമായി പറയുന്നു. ചില രാജ്യങ്ങളില്‍ ടെസ്റ്റ് നിരക്ക് കുറയുമ്പോഴാണ് കൊവിഡ് കേസുകളില്‍ ഇപ്പോള്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ടെഡ്രോസ് അദാനോം പറഞ്ഞു. അതിനര്‍ത്ഥം മഞ്ഞുമലയുടെ അറ്റം മാത്രമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നതെന്നും വൈറസ് വ്യാപനത്തിനെതിരെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.