മദ്യപാനത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. മദ്യപിച്ച് ലോകത്ത് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ 20 ലക്ഷവും പുരുഷന്‍മാരാണ്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം പേരാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനംമൂലം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ്.
ലോകത്താകമാനം മദ്യപാനം മൂലമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം മൂലമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ ഉണ്ടെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു. കേരളത്തില്‍ 8.5 ലിറ്ററാണ് ആളോഹരി മദ്യ ഉപയോഗം.
നേരത്തെ 18 വയസ്സിലാണ് മദ്യപാനം തുടങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് 13 വയസ്സിലേക്കെത്തി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിത്യവും 90 മില്ലിക്ക് മുകളില്‍ മദ്യം കഴിക്കുന്നത് അപകടസാധ്യത കൂട്ടുന്നു എന്നിരിക്കെ, മദ്യപിക്കാന്‍ സുരക്ഷിതമായ ഒരു അളവില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യാവസ്ഥ.