രാജ്യതലസ്ഥാനത്ത് നിന്ന് മാറിതാമസിക്കുന്നവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍ സര്‍ക്കാര്‍. ഗ്രാമീണമേഖലകളില്‍ ജനസംഖ്യ കുറവ് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോയില്‍ നിന്ന് ഗ്രാമീണ പ്രദേശങ്ങളിലേക്ക് മാറുന്ന അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 10 ലക്ഷം യെന്നായിരിക്കും ജപ്പാന്‍ നല്‍കുക. 2023 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും.
ജപ്പാനില്‍ കുറഞ്ഞ ജനനനിരക്കും കൂടിയ ആയൂര്‍ദൈര്‍ഘ്യവുമാണുള്ളത്. ഗ്രാമീണമേഖലയിലെ ജനസംഖ്യയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കൂടുതല്‍ അവസരങ്ങള്‍ക്കായി യുവാക്കള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഇത് മറികടക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം.
രണ്ട് കുട്ടികളുള്ള കുടുംബം ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ വിടുകയാണെങ്കില്‍ മൂന്ന് മില്യണ്‍ യെന്നായിരിക്കും ലഭിക്കുക. നഗരത്തിലെ സെന്‍ട്രല്‍ മെട്രോ പൊളിറ്റന്‍ ഏരിയയില്‍ അഞ്ച് വര്‍ഷം താമസിച്ചവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ഗ്രാമീണമേഖലയില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങുന്നവര്‍ക്ക് അധിക സഹായമുണ്ടാവും.