വടക്കന്‍ മ്യാന്‍മാറില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവര്‍ക്കായുളള അഭയാര്‍ഥിക്യാമ്പില്‍ സൈന്യം നടത്തിയ റെയ്ഡില്‍ വ്യാപകാക്രമണം. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി അഭയാര്‍ഥികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു മ്യാന്‍മാര്‍ സൈന്യത്തിന്‍റെ റെയ്ഡ് നടന്നത്.
മ്യാൻമർ സൈന്യവുമായി പതിറ്റാണ്ടുകളായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കാച്ചിൻ ഇൻഡിപെൻഡൻസ് ആർമിയുടെ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ലൈസിനിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ആക്രമണം. 13 കുട്ടികൾ ഉൾപ്പെടെ 32 പേർ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട് പറയുന്നു. മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടെന്ന് മൈറ്റ്കിന ന്യൂസ് ജേണൽ റിപ്പോർട്ട് ചെയ്തു.
അതേസമയം, നാഷണൽ യൂണിറ്റി ഗവൺമെന്റിന്റെ (എൻയുജി) മനുഷ്യാവകാശ മന്ത്രി ഓങ് മിയോ മിൻ ആക്രമണത്തെ “യുദ്ധക്കുറ്റം” എന്ന് അപലപിച്ച് രംഗത്തെത്തി. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആക്രമണത്തില്‍ 56 പേർക്ക് പരിക്കേറ്റതായി ഓങ് മിയോ എക്സില്‍ കുറിച്ചു. രക്ഷാപ്രവർത്തകർ ഇരുട്ടിൽ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ദൃശ്യങ്ങളും അദേഹം പങ്കുവച്ചു.