ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനെതിരെ ഇസ്രായേലിൽ പ്രതിഷേധം വ്യാപകമാകുന്നു. പ്രധാന ഹൈവേകൾ തടഞ്ഞ പ്രതിഷേധകർ, തലസ്ഥാനമായ ടെൽഅവീവ് സ്റ്റോക് എക്സ്ചേഞ്ചിനും സൈനിക കാര്യാലയത്തിനു മുന്നിലും പ്രതിഷേധം നടത്തി. അടുത്തയാഴ്ച പാർലമെന്ററി കമ്മിറ്റി മുമ്പാകെ ബില്ല് വോട്ടെടുപ്പിന് എത്താനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
മന്ത്രിമാരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതുൾപ്പടെയുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുന്ന ബിൽ കൊണ്ടുവരാനുള്ള നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ബിൽ നിയമമാകുന്നതിനുള്ള പ്രാഥമിക നടപടികൾ, കഴിഞ്ഞ പത്താം തീയതി പാർലമെന്റിൽ വിജയം കണ്ടെതോടെ ജനങ്ങൾ തെരുവിൽ ഇറങ്ങുകയായിരുന്നു.
പ്രതിഷേധം കനത്തതോടെ മധ്യ ടെൽഅവീവിലെ കിർയയിലുള്ള ഇസ്രായേൽ സേന ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധക്കാർ മനുഷ്യച്ചങ്ങല തീർത്തു. ടെൽഅവീവ് സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിൽ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ പ്രതിഷേധക്കാർ ഓഫീസ് ഉപരോധിക്കുകയും പുക ബോംബകളും എറിയുകയും ചെയ്തു. ഇസ്രായേലിലെ തൊഴിലാളി യൂണിയനായ ഹിസ്റ്റാഡ്രുട്ട് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വോട്ടർമാരുടെ ആഗ്രഹത്തിനു വിരുദ്ധമായി കോടതി അമിതമായ ഇടപെടൽ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം പുതിയ ബിൽ കൊണ്ടുവരുന്നത്. നേരത്തെയും സമാനമായ ബിൽ കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് അത് പിൻവലിക്കുകയായിരുന്നു