രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളുടെ വീടുകളിൽ സംസ്ഥാനവ്യാപകമായ പരിശോധന. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ റെയ്ഡ് ആരംഭിച്ചത്. ബെംഗളൂരു, ഡൽഹി യൂണിറ്റുകളിൽ നിന്നുള്ള എൻഐഎ സംഘങ്ങളുൾപ്പടെ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
പിഎഫ്ഐ രണ്ടാം നിര നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡുകൾ പുരോഗമിക്കുന്നത്. നിരോധിത സംഘടനയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ചുള്ള നീക്കങ്ങൾ അറിയുന്നതിന്റെ ഭാഗമായാണ് പരിശോധന.
എറണാകുളം റൂറലിൽ 12 ഇടങ്ങൾ കേന്ദ്രീകരിച്ചും, തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. തൃശൂർ ജില്ലയിൽ കേച്ചേരിയിലും ചാവക്കാടുമാണ് പരിശോധനകൾ നടക്കുന്നത്. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
ആദ്യഘട്ട പരിശോധനയിൽ ലഘുലേഖകൾ ഉൾപ്പടെ പിടിച്ചെടുത്തതായാണ് ലഭ്യമാകുന്ന വിവരം. അതേസമയം കേരളത്തിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.