യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപനം നടത്തി ജോ ബൈഡന്‍. അമേരിക്കന്‍ വാര്‍ത്താ എജന്‍സിയായ എന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസും മത്സരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2024-ല്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് നേരത്തെയും ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാക്കളാരും ഇതുവരെ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം ബൈഡന്‍ ഉറപ്പിച്ചത്. എന്നാല്‍ ബൈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സംബന്ധിച്ചുളള കാര്യങ്ങളില്‍ അന്തിമ തീരുമാനം വൈറ്റ് ഹൗസ് ഉപദേഷ്ടാക്കള്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം.
അതേസമയം, യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് എന്ന റെക്കോര്‍ഡാണ് ബൈഡനുള്ളത്. വരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചാല്‍ ഭരണ കാലാവധി കഴിയുമ്പോള്‍ അദ്ദേഹത്തിന് 86 വയസ്സ് കഴിയും. മുന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2021ല്‍ ബൈഡന്‍ യുഎസ് പ്രസിഡന്‍റായത്.