യു.എസ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയ്ക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്ന ഭീഷണിയുമായി ഡൊണാൽഡ് ട്രംപ്. ഫോക്സ് ബിസിനസ് ന്യൂസിന്റെ ലാറി കുഡ്ലോയ്ക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. ചില അമേരിക്കൻ ഉല്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക് ഹാർലി-ഡേവിഡ്സൺ മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി ചുമത്തുന്നതായും അദ്ദേഹം ആരോപിച്ചു.
“ഇന്ത്യപോലുള്ള രാജ്യവുമായി അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അവർക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകളുണ്ട്. അവർ നിർമ്മിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയിൽ സുഖമായി വിൽക്കാം. എന്നാൽ അമേരിക്കക്കാർ ഒരു ഹാർലി നിർമ്മിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുകയാണെങ്കിൽ ഭീമൻ താരിഫും ചുമത്തും. ഞങ്ങൾ പോയി ഇന്ത്യയിൽ ഒരു പ്ലാൻറ് നിർമിമ്മിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനുശേഷം താരിഫ് ഉണ്ടാകില്ല” – ട്രംപ് പറഞ്ഞു.
ഡോണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായ കാലയളവിൽ ഇന്ത്യയെ ‘താരിഫ് രാജാവ്’ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. തുടർന്ന് മുൻഗണനാ വിപണി പ്രവേശനം നല്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന്, 2019 മെയ് മാസത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യയെ നീക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സമാനവും ന്യായയുക്തവുമായ പ്രവേശനം യു.എസിന് ലഭിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.